

മഹാരാഷ്ട്രയിലെ നാസിക്കിൽ സിന്നാർ താലൂക്കിലുണ്ടായ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കിണറ്റിൽ വീണ് കർഷകന് ദാരുണാന്ത്യം. ഗോരഖ് ജാദവ് എന്നയാളാണ് മരിച്ചത്. കർഷകനൊപ്പം കിണറ്റിൽ വീണ പുലിയും കൊല്ലപ്പെട്ടു. പുലിയുടെ ആക്രമണം ചെറുക്കുന്നതിനിടെയാണ് പുള്ളിപ്പുലിയും ഗോരഖും കിണറിലേക്ക് വീണത്.
സിന്നാറിലെ ശിവ്‌ഡെയിലാണ് സംഭവം നടന്നത്. സാവ്ത മാലി നിവാസിയാണ് മരിച്ച ഗോരഖെന്ന് പൊലീസ് വ്യക്തമാക്കി. ഗോതമ്പ് പാടത്തിൽ വെള്ളം നനച്ച ശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് ഗോരഖിനെ പുള്ളിപ്പുലി ആക്രമിച്ചത്. പുലിയുടെ ആക്രമണം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും സമീപത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.വീഴ്ചയിലുണ്ടായ പരിക്കിനെ തുടർന്നായിരുന്നു ഗോരഖിൻ്റെ മരണം. സംഭവ സ്ഥലത്തെത്തിയ വനപാലക സംഘം പുള്ളിപ്പുലിയെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും രോഷാകുലരായ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പുള്ളിപ്പുലിയെ രക്ഷിക്കാനായില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വനംവകുപ്പ് സംഘവും പൊലീസും ജനക്കൂട്ടത്തെ സമാധാനിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും മൂന്ന് മണിക്കൂറിലധികം രക്ഷാപ്രവർത്തനം വൈകിയതിനാൽ വീഴ്ചയിൽ ഉണ്ടായ പരിക്കുകൾ മൂലം പുള്ളിപ്പുലിയും ചാവുകയായിരുന്നു. പുലിയെ രക്ഷിക്കാനായി കിണറിൽ കൂട് ഇറക്കുവാൻ വനപാലക സംഘത്തെ നാട്ടുകാർ അനുവദിച്ചില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഗോരഖിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സിന്നാർ ഗ്രാമീണ റൂറൽ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. പുള്ളിപ്പുലിയുടെ ജഡം എൻടിസിഎ മാർഗ നിർദേശങ്ങൾ അനുസരിച്ച് വനം വകുപ്പ് കൊണ്ടുപോയി സംസ്കരിച്ചു.