

അഹമ്മദാബാദ് വിമാനാപകടത്തില്‍ മുന്‍ ജഡ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന്റെ പിതാവ്. സുതാര്യമായ അന്വേഷണം ആവശ്യമാണെന്നും വിമാനാപകടത്തിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
സെപ്തംബറില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ സുപ്രീം കോടതി ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. ഇതിലെ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ നിരുത്തരവാദപരമാണെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൈലറ്റ് സുമീത് സബര്‍വാളിന്റെ പിതാവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സും സുപ്രീം കോടതിയെ സമീപിച്ചത്.
ഈ റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവുകളുണ്ടെന്നും സ്വയം പ്രതിരോധിക്കാനാവാത്തതിനാല്‍ എല്ലാം പൈലറ്റുമാര്‍ക്ക് നേരെ തിരിക്കുകയാണ്. അതുകൊണ്ട് കേസില്‍ സുതാര്യമായ അന്വേഷണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പിതാവ് ആരോപിക്കുന്നു.
ജൂണിലാണ് ലണ്ടണിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. ദുരന്തം മാനുഷിക ദുരന്തമാണെന്നായിരുന്നു എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ്‌സ് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
അതേസമയം നേരത്തെ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും ഡിജിസിഎയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. 260 പേരുടെ ജീവഹാനിക്ക് ഇടയാക്കിയ വിമാനാപകടത്തില്‍ സ്വതന്ത്രവും നീതിയുക്തവും വേഗത്തിലുമുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് നടപടി.
സേഫ്റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജിയില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ജൂലൈ 12 ന് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യോമയാന നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇന്ധന സ്വിച്ച് തകരാറോ വൈദ്യുതി തകരാറോ പോലുള്ള സാങ്കേതിക പ്രശ്നങ്ങളെല്ലാം അവഗണിച്ച് പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് ആദ്യം തന്നെ ആരോപിക്കുന്നതിനേയും ഹര്‍ജി ചോദ്യം ചെയ്തിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരനായ വിശ്വകുമാര്‍ രമേശിന്റെ മൊഴി രേഖപ്പെടുത്താനോ വിശ്വാസത്തിലെടുക്കാനോ പോലും തയ്യാറായില്ലെന്നും നേരത്തെ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എഎഐബിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ഇന്ധന സ്വിച്ച് ഓഫ് ചെയ്തതെന്തിനാണെന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോള്‍ 'ഞാന്‍ ഓഫ് ചെയ്തിട്ടില്ല' എന്നാണ് അടുത്ത പൈലറ്റിന്റെ മറുപടി. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് അപകടത്തിനു കാരണം പൈലറ്റിന്റെ പിഴവാണെന്ന തരത്തില്‍ പ്രചരണമുണ്ടായത്.
എഎഐബിയുടെ പ്രാഥമിക റിപ്പോര്‍ട്ട് നിര്‍ണായ വിവരങ്ങള്‍ മറച്ചുവെക്കുന്നതാണെന്നും പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പൊതുതാത്പര്യ ഹര്‍ജിയില്‍ പറയുന്നു. മാത്രമല്ല, സത്യസന്ധമായ വിവരങ്ങള്‍ അറിയാനുള്ള പൗരന്റെ അവകാശം ലംഘിക്കുന്നതാണെന്നും ആരോപിക്കുന്നു.
അന്ന് സുതാര്യമായ അന്വേഷണം വേണമെന്ന ആവശ്യം മനസ്സിലാക്കാമെന്ന് പറഞ്ഞ കോടതി, എല്ലാ കണ്ടെത്തലുകളും പുറത്തുവിടണമെന്ന ആവശ്യം അംഗീകരിച്ചില്ല. എന്നാല്‍ ഇത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തിയിരുന്നു. ഏതെങ്കിലും ഒരു പൈലറ്റിനെതിരെയാണ് റിപ്പോര്‍ട്ട് എങ്കില്‍ അതിന്റെ ഫലം അനുഭവിക്കാന്‍ പോകുന്നത് അദ്ദേഹത്തിന്റെ കുടുംബമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി.
പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമായതെന്ന വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ സംഭവങ്ങളും നിര്‍ഭാഗ്യകരവും നിരുത്തരവാദപരവുമാണെന്നും കോടതി നിരീക്ഷിച്ചു. പ്രാഥമിക റിപ്പോര്‍ട്ടില്‍ പൈലറ്റിനെ കുറിച്ചുള്ള പരാമര്‍ശം മാത്രം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനേയും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.