ഡൽഹി: ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ് എന്ന് ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി ആബട്ട്. 40-50 വർഷത്തിനുള്ളിൽ ഇന്ത്യൻ പ്രധാനമന്ത്രി സ്വതന്ത്ര ലോകത്തിൻ്റെ നേതാവാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ പുതിയ മഹാശക്തികളിൽ ഒന്നായി ഡൽഹി നിലകൊള്ളണമെന്നും, ഏഷ്യ-പസഫിക് മേഖലയിൽ ചൈനയ്ക്ക് ഒരു ജനാധിപത്യ പ്രതിവിധിയായി പ്രവർത്തിക്കണമെന്നും ലിബറൽ പാർട്ടി നേതാവ് കൂടിയായ ടോണി ആബട്ട് പറഞ്ഞു.
ചൈന ലോകത്തിലെ ഒരു ആധിപത്യ ശക്തിയാകാൻ ആഗ്രഹിക്കുന്നു. ലോകത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ അഭിലാഷങ്ങളെ തടയുന്നതിനുളള താക്കോൽ ഡൽഹിയുടെ കൈകളിലാണ് എന്നും ടോണി ആബട്ട് വ്യക്തമാക്കി. എൻഡിടിവി വേൾഡ് സമ്മിറ്റ് 2025 ൽ പങ്കെടുക്കവേ ആയിരുന്നു ടോണി ആബട്ടിൻ്റെ പ്രതികരണം.
ചൈനയ്ക്ക് ഇന്ത്യ നല്ലൊരു എതിരാളിയാണ്. ഇന്ത്യ ഇപ്പോൾ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം കൂടിയാണ്. ഏത്,ഇന്ത്യൻ നഗരത്തിൽ പോയാലും അവിടെ വലിയ തരത്തിലുള്ള അടിസ്ഥാന വികസനം കാണാൻ സാധിക്കും. ഇന്ത്യ വളർന്നുവരികയാണ്. ചൈനയ്ക്ക് പകരമാകാൻ ഇന്ത്യക്ക് സാധിക്കുമെന്നും ടോണി ആബട്ട് വ്യക്തമാക്കി.