
ബെംഗളൂരു: സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്ത് വയസുകാരന്‍ കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊട്ടിത്തെറിയില്‍ ആറ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സെന്‍ട്രല്‍ ബെംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡനില്‍ ഇന്ന് രാവിലെയാണ് സംഭവം.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. അപകടം നടന്ന സ്ഥലത്ത് പലവീടുകളും ഒറ്റ അതിരാണ് പങ്കുവെക്കുന്നത് എന്നതും അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.
സിലിണ്ടര്‍ ലീക്കായതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്. എന്നാല്‍ യഥാര്‍ഥ കാരണം എന്താണെന്ന് പറയാനായിട്ടില്ലെന്ന് പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു.
മൂന്നംഗ കുടുംബം വാടകയ്ക്ക് താമസിച്ച കെട്ടിടത്തിലാണ് അപകടം നടന്നതെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അപകടം നടന്ന വീട്ടിലെ യുവതിക്കും കുട്ടിക്കും പരിക്കേറ്റു. തൊട്ടടുത്ത വീട്ടിലെ മുബാറക്ക് എന്ന പത്തുവയസുകാരനാണ് അപകടത്തില്‍ മരിച്ചത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലം സന്ദര്‍ശിച്ചു. മരിച്ച കുട്ടിയുടെ കുടുംബത്തെ കാണുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.