

ഗാസിയാബാദ്: കെട്ടിടത്തില്‍ നിന്ന് ചാടി മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടികളുടെ കുടുംബ സാഹചര്യങ്ങൾ കൂടി പരിശോധിക്കുകയാണ് പൊലീസ്.
പെണ്‍കുട്ടികളുടെ പിതാവിനെ കേന്ദ്രീകരിച്ചാണ് പുതിയ വിവരങ്ങള്‍. 2015 ലെ മറ്റൊരു ആത്മഹത്യയില്‍ പെണ്‍കുട്ടികളുടെ പിതാവായ ചേതന്‍ കുമാറിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. അന്ന് രണ്ട് ഭാര്യമാരുണ്ടായിരുന്ന ചേതന്‍ കുമാര്‍ മറ്റൊരു സ്ത്രീക്കൊപ്പം ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. ഈ സ്ത്രീയും പെണ്‍കുട്ടികളുടെ സമാന സാഹചര്യത്തിലാണ് മരണപ്പെട്ടത്. 2015 ല്‍ സാഹിബാബാദിലെ രാജേന്ദ്ര കോളനിക്കു സമീപമുള്ള ഫ്‌ലാറ്റില്‍ നിന്ന് വീണാണ് സ്ത്രീ മരണപ്പെട്ടത്. ഇത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് കേസ് ക്ലോസ് ചെയ്യുകയായിരുന്നു.
ചേതന്‍ കുമാറിന്റെ മക്കളും സമാന സാഹചര്യത്തില്‍ മരണപ്പെട്ടതോടെ 2015 ലെ ആത്മഹത്യയും പൊലീസ് പുനഃപരിശോധിക്കുകയാണ്. കുട്ടികളുടെ മാനസികാവസ്ഥ വിലയിരുത്തുന്നതിന്റെ ഭാഗമായി 2015 ലെ സംഭവവും പരിഗണനയിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഗാസിയാബാദില്‍ ഫ്‌ളാറ്റില്‍ നിന്നും പാഖി (12), പ്രാച്ചി (14), നിഷിക (16) എന്നീ പെണ്‍കുട്ടികള്‍ ചാടി മരിച്ചത്. കുട്ടികളുടെ അമിതമായ ഓണ്‍ലൈന്‍ ഗെയിമിങ് മാതാപിതാക്കള്‍ തടഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട്.
പുലര്‍ച്ചെ 2.154 മുറി അകത്തു നിന്ന് പൂട്ടി, ജനലിലൂടെ കുട്ടികള്‍ ഓരോരുത്തരായി താഴേക്ക് ചാടുകയായിരുന്നു. ഓരോ ദിവസവും പുതിയ വിവരങ്ങളാണ് അന്വേഷണത്തില്‍ വെളിപ്പെടുന്നത്. കുട്ടികളുടെ പിതാവായ ചേതന്‍ കുമാറിന് നിലവിൽ മൂന്ന് ഭാര്യമാരുണ്ട്. സഹോദരിമാരായ സുജാത, ഹീന, ടീന എന്നിവരെയാണ് ചേതൻ വിവാഹം ചെയ്തത്. മൂത്തമകള്‍ നിഷികയുടെ അമ്മ സുജാതയാണ്. ഹീനയുടെ മക്കളാണ് പ്രാച്ചിയും പാഖിയും. മൂന്നാം ഭാര്യയായ ടീനയില്‍ ചേതന്‍ കുമാറിന് നാല് വയസുള്ള മറ്റൊരു മകള്‍ കൂടിയുണ്ട്. ഇവരെല്ലാവരും ഒന്നിച്ച് ഒരു വീട്ടിലാണ് കഴിഞ്ഞിരുന്നത്.
സ്റ്റോക്‌ബ്രോക്കറായ ചേതന്‍ കുമാറിന് 2 കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബം കടുത്ത സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്നു. ഇലക്ട്രിസിറ്റി ബില്‍ അടക്കാനായി മക്കളുടെ മൊബൈല്‍ ഫോണ്‍ ചേതന്‍ കുമാര്‍ വിറ്റതായും അന്വേഷണത്തില്‍ കണ്ടെത്തി. സാമ്പത്തിക ബുദ്ധിമുട്ടും പഠനത്തിലെ പിന്നോക്കാവസ്ഥയും കാരണം രണ്ട് വര്‍ഷമായി മൂന്ന് കുട്ടികളും സ്‌കൂളില്‍ പോയിരുന്നില്ല.
അതേസമയം, കൊറിയന്‍ സംസ്‌കാരത്തിലും വിനോദത്തിലും മൂന്ന് പെണ്‍കുട്ടികളും അമിതമായ അഭിനിവേശമുണ്ടായിരുന്നതായും പൊലീസ് പറയുന്നുണ്ട്. കുട്ടികളുടെ ഡയറിയിലും ഇതുസംബന്ധിച്ച സൂചനകളുണ്ട്. എട്ട് പേജുള്ള ഡയറിയില്‍ കൊറിയന്‍ സംസ്‌കാരത്തോടുള്ള താത്പര്യവും കുടുംബത്തിലെ പ്രശ്‌നങ്ങളെ കുറിച്ചുമെല്ലാം കുട്ടികള്‍ എഴുതിയിട്ടുണ്ട്.
നിലവില്‍ ആത്മഹത്യാ കേസായിട്ടാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടികളുടെ കുടുംബ സാഹചര്യവും കൊറിയന്‍ അഡിക്ഷനുമടക്കം വിശദമായി പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.