പട്ന: ബിഹാർ രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് താൻ ഒൻപത് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ജെഡിയു എംഎല്എ. ആറ് തവണ മൊകാമയിൽ നിന്ന് എംഎൽഎയായ അനന്ത് സിംഗാണ് വിവാദ പ്രസ്താവന നടത്തിയത്. 'ഛോട്ടേ സർക്കാർ' എന്നറിയപ്പെടുന്ന അനന്ത് സിംഗ് മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ ഈ പരസ്യ കുറ്റസമ്മതം പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കുകയും വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ, മണിക്കൂറുകൾക്കകം പ്രസ്താവന തിരുത്തി തടിയൂരാന് ശ്രമിക്കുകയാണ് ഭരണകക്ഷി നേതാവ്. പട്ന ഗ്രാജ്വേറ്റ്സ് എംഎൽസി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ജെഡിയുവിനുള്ളിൽ ഉടലെടുത്ത കടുത്ത ഭിന്നതയ്ക്കിടെയായിരുന്നു അനന്ത് സിംഗിന്റെ വിവാദ പരാമർശം.
"എന്നെപ്പോലെ ഇത്രയധികം ത്യാഗങ്ങൾ സഹിച്ച മറ്റാരുണ്ട്? അക്കാലത്ത് നിതീഷ് കുമാർ ഒന്നുമല്ലായിരുന്നു, അങ്ങോട്ടുമിങ്ങോട്ടും വെറുതെ നടക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്. ആ സമയത്ത് നിതീഷ് കുമാറിനൊപ്പം നിന്നുകൊണ്ട് ഞാൻ ഒൻപത് പേരെ കൊലപ്പെടുത്തിയിട്ടുണ്ട്" എന്നായിരുന്നു അനന്ത് സിംഗ് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് തുറന്നുപറഞ്ഞത്. പ്രസ്താവന ബിഹാർ രാഷ്ട്രീയത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെ വിശദീകരണവുമായി അദ്ദേഹം വീണ്ടും രംഗത്തെത്തി.
താൻ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും, ലാലു പ്രസാദ് യാദവ് ഭരണകാലത്ത് തങ്ങൾ നിതീഷ് കുമാറിനൊപ്പം നിന്നതിന്റെ പേരിൽ ലാലുവിന്റെ ആളുകൾ തന്റെ ഒൻപത് സഹായികളെ കൊലപ്പെടുത്തുകയും തനിക്ക് വെടിയേൽക്കുകയുമാണ് ഉണ്ടായതെന്നും, ഇതാണ് താൻ ഉദ്ദേശിച്ചതെന്നുമാണ് അനന്ത് സിംഗിന്റെ പുതിയ ന്യായീകരണം. വലിയ നഷ്ടങ്ങളാണ് കുടുംബം അനുഭവിച്ചതെന്നും ഇതിന്റെ ആഘാതത്തിൽ ഹൃദയാഘാതം വന്നാണ് പിതാവ് മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ എൻഡിഎ ഭരണകാലത്ത് ഒൻപത് പേരെ കൊലപ്പെടുത്തിയെന്ന് ഭരണകക്ഷി എംഎൽഎ തന്നെ പരസ്യമായി കുറ്റസമ്മതം നടത്തിയ സ്ഥിതിക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ അടിയന്തരമായി ജനങ്ങളോട് വിശദീകരണം നൽകണമെന്ന് രാഷ്ട്രീയ ജനതാദൾ വക്താവ് ശക്തി സിംഗ് യാദവ് ആവശ്യപ്പെട്ടു. അനന്ത് സിംഗ് കുറ്റസമ്മതം നടത്തിയെങ്കിലും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നിതീഷ് ഭരണകൂടത്തിനാണെന്നും ഈ പാപത്തിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്നും ആർജെഡി വ്യക്തമാക്കി.
അതേസമയം, അനന്ത് സിംഗ് നടത്തുന്ന ഇത്തരം പ്രസ്താവനകൾ അദ്ദേഹത്തിന്റെ കടുത്ത നിരാശയിൽ നിന്ന് ഉണ്ടാകുന്നതാണെന്ന് പറഞ്ഞ് തടിയൂരാനാണ് ജെഡിയു വക്താവ് ശ്യാം രജക് ശ്രമിച്ചത്. ബിഹാറില് എംഎല്സി തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ മുന് മുഖ്യമന്ത്രിയെത്തന്നെ പ്രതിക്കൂട്ടിലാക്കുന്ന സ്വന്തം എംഎൽഎയുടെ ഈ വെളിപ്പെടുത്തൽ സർക്കാരിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. അതേ സമയം എംഎല്സി തെരഞ്ഞെടുപ്പില് ജെഡിയുവിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി നീരജ് കുമാറിനെതിരെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജന് സൂരജ് പാര്ട്ടി സ്ഥാനാർത്ഥിയെയാണ് അനന്ത് സിംഗ് പരസ്യമായി പിന്തുണയ്ക്കുന്നത്. ഒക്ടോബര് 23നാണ് എംഎല്സി തെരഞ്ഞെടുപ്പ്.