ഗോമാതാവിനെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല; ബംഗാളിൽ നിയമം കർശനമാക്കാൻ സർക്കാർ

നിയമവിരുദ്ധ കശാപ്പിനെതിരെ വേഗത്തിൽ നടപടിയെടുക്കാൻ പുതിയ ബിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു
ഗോമാതാവിനെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല; ബംഗാളിൽ നിയമം കർശനമാക്കാൻ സർക്കാർ
Published on: 
Updated on: 

ബംഗാൾ: സംസ്ഥാനത്ത് പശുക്കളെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. അനധികൃതമായി കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് തടയാൻ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധ കശാപ്പിനെതിരെ വേഗത്തിൽ നടപടിയെടുക്കാൻ പുതിയ ബിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റായ നബന്നയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രഹസ്യമായി ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ വിവരങ്ങൾ തന്നോട് നേരിട്ട് അറിയിക്കാമെന്നും സുവേന്ദു അധികാരി പറഞ്ഞു. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അനധികൃത കശാപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി പേർക്കെതിരെ നടപടിയെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, നിയമാനുസൃതമായി അംഗീകൃത അറവുശാലകളിൽ നടത്തുന്ന കശാപ്പും നിയമവിരുദ്ധമായ കശാപ്പും രണ്ടായി കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപ്രകാരം അനുമതിയുള്ള അറവുശാലകളിൽ കശാപ്പ് നടത്തുന്നതിന് തടസ്സമില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു.

ഗോമാതാവിനെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല; ബംഗാളിൽ നിയമം കർശനമാക്കാൻ സർക്കാർ
അപകീർത്തി കേസിൽ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

കഴിഞ്ഞ മെയ് മാസത്തിൽ പശുക്കൾ, കാളകൾ, പോത്തുകൾ എന്നിവയെ കശാപ്പ് ചെയ്യുന്നതിന് മുമ്പ് ആരോഗ്യപരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. അംഗീകൃത ഉദ്യോഗസ്ഥരുടെയും സർക്കാർ വെറ്ററിനറി ഡോക്ടറുടെയും സാക്ഷ്യപ്പെടുത്തലിന് ശേഷവും നിശ്ചിത അറവുശാലകളിൽ മാത്രവുമാണ് കശാപ്പിന് അനുമതി നൽകിയിട്ടുള്ളത്. പൊതുസ്ഥലങ്ങളിൽ കശാപ്പ് നടത്തുന്നതിനും വിലക്കുണ്ട്. ഇത് ലംഘിക്കുന്നവർക്ക് ആറുമാസം വരെ തടവോ ആയിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.

അതിനിടെ, രോഗബാധിതരും പ്രായമായവരുമായ പശുക്കളുടെ സംരക്ഷണത്തിനായി ഗോഷാലകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഗോകുൽ മിഷന്റെ ഭാഗമായാണ് ഈ സഹായം.