കർണാടക: ട്രാൻസ്‌ഫർ ഭയന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജീവനൊടുക്കാൻ ശ്രമിച്ചു. ഗ്രേഡ്-1 പഞ്ചായത്ത് സെക്രട്ടറിയായ ദിവ്യയാണ് പാരസെറ്റമോൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമായ വരുണയിലെ ജീവനക്കാരിയാണ് ദിവ്യ.
ഇവർ വേദന സംഹാരിയായ പാരസെറ്റമോൾ, പനി മരുന്ന് എന്നിവയുൾപ്പെടെ 15 ഓളം ഗുളികകൾ കഴിച്ചതിനെ തുടർന്ന് ഓഫീസിൽ കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ദിവ്യ വരുണ പഞ്ചായത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയാണ്.
ആറ് മാസം മുൻപ് ദിവ്യ തന്റെ ചുമതലകൾ ശരിയായി നിർവഹിക്കുന്നില്ലെന്ന പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ നവംബർ 20 ന് എക്സിക്യൂട്ടീവ് ഓഫീസർ (ഇഒ) വരുണ പഞ്ചായത്ത് ഓഫീസിൽ ഒരു അപ്രതീക്ഷിത സന്ദർശനം നടത്തി. പഞ്ചായത്ത് അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അന്വേഷണം.
പഞ്ചായത്ത് അംഗങ്ങളെല്ലാം ദിവ്യ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞു. വളരെക്കാലം മുൻപ് ഉയർന്ന പരാതി വീണ്ടും ഉന്നയിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യത്തെയും അവർ ചോദ്യം ചെയ്തു.അതേ ദിവസം തന്നെ, ദിവ്യക്ക് ട്രാൻസ്ഫർ ലഭിച്ചേക്കുമെന്ന വാർത്തകളും ഉയർന്നു.പിന്നാലെയാണ് ഇവർ ഓഫീസിനുള്ളിൽ വച്ച് 15 ഓളം ടാബ്‌ലെറ്റുകൾ കഴിച്ചത്.
മറ്റൊരു പഞ്ചായത്തിൽ നിന്നുള്ള ഗ്രേഡ്-1 സെക്രട്ടറി ദിവ്യയുടെ സ്ഥാനത്തേക്ക് സ്ഥലംമാറ്റം നേടിയെടുക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചതെന്ന് റിപ്പോർട്ടുണ്ട്. തന്നെ മാറ്റിസ്ഥാപിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുമായി ഇയാൾ നിരന്തരം ലോബിയിങ് നടത്തിയിരുന്നതായി പഞ്ചായത്ത് അംഗങ്ങൾ അവകാശപ്പെടുന്നു.വരുണ പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്. വിഷയത്തിൽ പരാതി ലഭിച്ചിട്ടില്ല. പൊലീസ് ഇന്ന് ആശുപത്രിയിലെത്തി ദിവ്യയെ കാണും.