
ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ നികുതി സ്ലാബുകള്‍ വെട്ടിക്കുറച്ചുള്ള ജിഎസ്ടി പരിഷ്‌കരണം നാളെ മുതല്‍ പ്രാബല്യത്തില്‍. സേവന നികുതി നടപ്പാക്കിയ ശേഷമുള്ള നിര്‍ണായക പരിഷ്ടകരണമാണ് നടപ്പിലാക്കുന്നത്.
2016 ല്‍ ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കരണമാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതുപ്രകാരം 5, 12, 18, 2 എന്നിങ്ങനെ നികുതി സ്ലാബുകളിലുണ്ടായിരുന്നത് അഞ്ചുശമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് സ്ലാബുകളായി ചുരുങ്ങും. നേരത്തെ 12 ശതമാനവും 28 ശതമാനവും നികുതി ചുമത്തിയിരുന്ന ഇനങ്ങളെല്ലാം 5, 18 സ്ലാബിന് കീഴില്‍ വരും.
വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിനു ബാധകമായ 18% നികുതി ഒഴിവാക്കണമെന്ന ദീര്‍ഘകാല ആവശ്യം അംഗീകരിച്ചതാണ് ഏറ്റവും പ്രധാനം. ഇതോടെ ലൈഫ് ആരോഗ്യ ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍, 33 ജീവന്‍ സുരക്ഷാ മരുന്നുകള്‍ എന്നിവ ജിഎസ്ടി ഒഴിവാക്കി.
പലചരക്ക്, വളം, പാദരക്ഷ, തുണിത്തരങ്ങള്‍ അടക്കമുള്ള നിരവധി ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടെയും വില സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തരത്തിലേക്ക് മാറും. ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാമ്പു, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കും വില കുറഞ്ഞേക്കും.
ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കുന്ന റെയില്‍നീര്‍ കുപ്പിവെള്ളത്തിന്റെ വിലയില്‍ ഒരു രൂപ കുറഞ്ഞു. കാറുകളുടെ വിലയില്‍ പുതിയ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട് കമ്പനികള്‍. ഇലക്ട്രോണിക്‌സ്, കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെയും വിലയിലും വലിയ മാറ്റമുണ്ടാകും.
അതേസമയം പുകയില, സിഗരറ്റ് പോലെയുള്ള, മറ്റ് ആഡംബര വസ്തുക്കള്‍, ലോട്ടറി എന്നിവയ്ക്ക് 40 ശതമാനമാകും ജിഎസ്ടി. ഈ മാറ്റം തിങ്കളാഴ്ച നിലവില്‍ വരില്ല. ഇതിനായി പ്രത്യേക വിഞ്ജാപനമിറക്കും. നികുതി നിരക്കുകള്‍ക്ക് അനുസരിച്ച് വ്യാപാരികള്‍ ബില്ലിങ് സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തണം.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ജിഎസ്ടി പരിഷ്‌കരണത്തെ കുറിച്ച് സംസാരിക്കാനാണെന്നാണ് സൂചന.