ഹരിയാന: ഗുരുഗ്രാമിൽ ടാക്സി കാത്തുനിന്ന യുവതിക്കുനേരെ ലൈംഗീകാതിക്രമം. മോഡലും കണ്ടന്റ് ക്രിയേറ്ററുമായ സോണി സിംഗിന് മുന്നിലേക്കെത്തിയ ഒരാൾ തുടർച്ചയായി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. അസ്വസ്ഥയായ സോണി സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസിനെയും വനിതാ ഹെല്‍പ്പ് ലൈനിലേക്കും വിളിച്ചു. ആരും സഹായിക്കാന്‍ എത്തിയില്ലെന്ന ദുരനുഭവം പങ്കുവച്ച് സോണി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തു.
അതിക്രമം നടത്തിയ ആളുടെ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയും ഇയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സോണി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്. ഓഗസ്റ്റ് രണ്ടിന് രാജീവ് ചൗക്കിൽ നിന്ന് വീട്ടിലേക്ക് പോകാൻ ഒരു ക്യാബ് ബുക്ക് ചെയ്ത് കാത്തുനിൽകുകയായിരുന്നു സോണി സിംഗ്.
ഇതിനിടെയാണ് ഒരാൾ തന്നെ ലക്ഷ്യമാക്കി അടുത്തേക്ക് വരുന്നത് സോണിയുടെ ശ്രദ്ധയിൽപെട്ടത്. ആദ്യമയാൾ ചുറ്റും നടന്നുകൊണ്ടിരുന്നു.പിന്നീടയാൾ തന്റെ മുന്നിലെത്തി പാന്റ്സ് അഴിച്ചുവെന്നും തുടർച്ചയായി അശ്ലീല പ്രദർശനം നടത്തിയെന്നും സോണി പറഞ്ഞു.
എന്താണ് ചെയ്യുന്നതെന്ന നല്ല ബോധ്യത്തിൽ തന്നെയാണ് അയാൾ തനിക്ക് മുന്നിൽ അശ്ലീലപ്രദർശനം നടത്തിയത്. തുടർന്ന് അസ്വസ്ഥയായ സോണി താൻ ബുക്ക് ചെയ്ത ക്യാബ് ഡ്രൈവറെ വിളിക്കാൻ ശ്രമിച്ചെങ്കിലും കോൾ കണക്ടായില്ല.പിന്നാലെ മറ്റൊരു വാഹനം ബുക്ക് ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ സോണി തന്റെ മുന്നിൽ നടന്ന അതിക്രമം ഇൻസ്റ്റഗ്രാമിലും എക്സിലും പങ്കുവെച്ചു.
പൊതുസ്ഥലങ്ങളിൽപോലും സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്നും ഇത്തരം വൈകൃതങ്ങൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും സോണി സോഷ്യൽ മീഡിയയിൽ എഴുതി. സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമുണ്ടായതോടെ ഓഗസ്റ്റ് ആറിനാണ് മൗനം വെടിയാൻ പൊലീസ് തയ്യാറായത്. അതിക്രമം നടത്തിയയാളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇയാൾക്കുവേണ്ടി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.