
പടിഞ്ഞാറൻ തീര മേഖലയിൽ കൂടുതൽ കരുത്ത് വർധിപ്പിക്കുകയാണ് രാജ്യം. റഷ്യൻ നിർമിത അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് തമൽ നാവികസേനയിൽ ഉൾപ്പെടുത്തി സമുദ്രശക്തി വർദ്ധിപ്പിക്കും. റഷ്യയിലെ പ്രശസ്തമായ കലിനിൻഗ്രാഡിലെ യാന്തർ കപ്പൽശാലയിൽ നിർമിച്ച 3,900 ടൺ ഭാരമുള്ള ഫ്രിഗേറ്റിൽ, കടലും കരയും ലക്ഷ്യമിടുന്ന ബ്രഹ്മോസ് ദീർഘദൂര ക്രൂസ് മിസൈൽ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.
125 മീറ്റർ നീളവും 3900 ടൺ ഭാരവുമുള്ളതാണ് ഇന്ത്യയുടെ ഐഎൻഎസ് തമാൽ. ഇന്ത്യ- റഷ്യ അത്യാധുനിക സാങ്കേതികവിദ്യകളുടെയും യുദ്ധക്കപ്പൽ നിർമാണത്തിലെ മികച്ച രീതികളുടെയും സംയോജനമായതിനാൽ ഇതിന്റെ പ്രഹരശേഷി പ്രവചനാതീതമാണെന്നാണ് ഇന്ത്യൻ നാവികസേന പറയുന്നത്. ഇന്ത്യൻ നാവികസേനയുടെ കൂടിയ കരുത്തിന്റെ പ്രതീകം മാത്രമല്ല, ഇന്ത്യ-റഷ്യ പങ്കാളിത്തത്തിലൂടെ സഹകരണ ശക്തിയുടെ ഉദാഹരണവുമാകുമെന്ന് ഇന്ത്യൻ നാവികസേന വക്താവ് കമാൻഡർ വിവേക് മധ്വാൾ പറഞ്ഞു. രണ്ട് പതിറ്റാണ്ടിനിടെ റഷ്യയിൽ നിന്ന് ഏറ്റെടുക്കുന്ന എട്ടാമത്തെ കപ്പലാണ് ഐഎൻഎസ് തമാൽ.
കപ്പലിന്റെ 26% ഭാഗങ്ങൾ ഇന്ത്യയിൽ നിന്ന് ഉൽപാദിപ്പിച്ചതും ഇൻസ്റ്റാൾ ചെയ്തതുമാണ്. ബ്രഹ്മോസ്, BEL, Keltron, Tata Nova തുടങ്ങിയ കമ്പനികളുടെ 33 ഇന്ത്യൻ സാങ്കേതികവിദ്യകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 250ത്തിലധികം നാവികർ, റഷ്യയിലെ തണുത്ത കാലാവസ്ഥയിൽ പരിശീലനം പൂർത്തിയാക്കി. കപ്പൽ ഭീമാകാരമായ ആയുധ സ്യൂട്ടാണ് ഈ യുദ്ധക്കപ്പലിനെ വ്യത്യസ്തമാക്കുന്നത്.
കൃത്യമായ പോർമുനയൊരുക്കാൻ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകളും വ്യോമ പ്രതിരോധത്തിനായി ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് വിക്ഷേപിക്കാവുന്ന മിസൈൽ ലോഞ്ചറും സജ്ജീകരിച്ചിരിക്കുന്നു. വെള്ളത്തിനടിയിലുള്ള ഭീഷണികളെ ഫലപ്രദമായി നേരിടാൻ പ്രാപ്തമാക്കുന്ന ആൻറി-സബ്മറൈൻ ടോർപ്പിഡോകളും റോക്കറ്റ് ലോഞ്ചറുകളും കപ്പലിൽ ഉണ്ട്.സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നതിനാൽ റഡാറിലൂടെ ശത്രുവിന്റെ കണ്ണിൽപ്പെടാതെ പ്രവർത്തിക്കാനാകും. നാവിക യുദ്ധത്തിന്റെ നാല് മേഖലകളിലും- വായു, ഉപരിതലം, ഭൂഗർഭം, ഇലക്ട്രോണിക് - പ്രവർത്തിക്കാൻ സജ്ജമായാണ് ഐ.എൻ.എസ് തമാൽ പോരാട്ടത്തിന്റെ നീരാട്ടിനിറങ്ങുന്നത്.