

ഡൽഹി കലാപ ഗൂഢാലോചനാ കേസിൽ ജെഎൻയു വിദ്യാർഥികളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി ഇന്ന് ചില നിർണായക നിരീക്ഷണങ്ങളാണ് നടത്തിയത്. പ്രതികൾക്കെതിരെ ചുമത്തിയ യുഎപിഎ ആക്ടിലെ സെക്ഷൻ 15 പ്രകാരമുള്ള കുറ്റങ്ങൾ ഇരുവർക്കുമെതിരെ നിലനിൽക്കുമെന്നാണ് കോടതി കണ്ടെത്തിയത്. ഭീകരവാദ പ്രവർത്തനത്തിൻ്റെ പരിധിയിൽ വരുന്ന വകുപ്പാണിത്.
രാജ്യത്തിൻ്റെ ഐക്യം, അഖണ്ഡത, സാമ്പത്തിക സുരക്ഷ എന്നിവയെ അപകടപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയുമാണ് ഈ വകുപ്പിന് കീഴിൽ വരുന്നത്. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് അഞ്ച് പേർക്ക് ജാമ്യം നൽകുകയും ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിക്കുകയും ചെയ്തത്. ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്നാണ് സുപ്രീം കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് വ്യക്തമാക്കിയത്.
സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് കേസിൽ പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും, അതിനെ ഒറ്റയ്ക്കുള്ള പ്രതിഷേധങ്ങളായി വിശേഷിപ്പിക്കാൻ ആവില്ലെന്നും ഡൽഹി പൊലീസ് പറഞ്ഞു. ഭരണമാറ്റവും സർക്കാരുകളെ സാമ്പത്തികമായുള്ള ശ്വാസംമുട്ടിക്കാനും ലക്ഷ്യമിട്ട് പ്രതികൾ പാൻ ഇന്ത്യൻ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവുമായി (സിഎഎ) ബന്ധപ്പെട്ട് ആഗോള മാധ്യമ ശ്രദ്ധ ആകർഷിക്കുന്നതിനും, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് പ്രതികൾ ഗൂഢാലോചന നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളുടെ മറവിൽ സിഎഎ വിഷയം ഉയർത്തിക്കാട്ടി ഭീകരവാദ പ്രവർത്തനം നടത്താൻ പ്രതികൾ പദ്ധതിയിട്ടെന്നും പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ഉമർ ഖാലിദിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രീം കോടതിയിൽ ഹാജരായത്. ഷർജിൽ ഇമാമിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ധവെ ആയിരുന്നു. ഡൽഹി പൊലീസിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവും സുപ്രീം കോടതിയിൽ ഹാജരായി.
യുഎപിഎ ആക്ടിലെ 'സെക്ഷൻ 15' എന്നത് ഒരു ഭീകര പ്രവൃത്തിയെ ആണ് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിനോ.. അല്ലെങ്കിൽ ജനങ്ങളിൽ ഭീതി പരത്തുന്നതിനോ ഉദ്ദേശിച്ചുള്ള പ്രവർത്തനങ്ങളാണ് ഈ വകുപ്പിന് കീഴിൽ ഉൾപ്പെടുന്നത്. സ്ഫോടക വസ്തുക്കൾ, തോക്കുകൾ, അപകടകരമായ വസ്തുക്കൾ, മറ്റു വിവിധ മാർഗങ്ങൾ എന്നിവ ഉപയോഗിച്ച് വ്യക്തികൾക്ക് മരണം, പരിക്ക്, സ്വത്തിന് നാശനഷ്ടം, അവശ്യ സേവനങ്ങൾ തടസ്സപ്പെടുത്തൽ, അല്ലെങ്കിൽ പണ സ്ഥിരതയ്ക്ക് കോട്ടംവരുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സർക്കാരിനെ ഭയപ്പെടുത്തുകയോ നിർബന്ധിക്കുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ രാജ്യത്ത് ബോംബാക്രമണങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ അക്രമ പ്രവർത്തനങ്ങൾ നടത്തുന്നതും ഈ വകുപ്പിന് കീഴിൽ വരുന്നു. ഇന്ത്യയിൽ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിൽ സുപ്രധാനമായ വകുപ്പാണിത്.