ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മൂന്ന് ഭീകരരെ വധിച്ച ഏറ്റുമുട്ടലിൽ നിർണായക പങ്കുവഹിച്ചത് സൈനിക നായ 'ടൈസൺ' ആണ്. ജയ്ഷെ മുഹമ്മദ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിനും ഭീകരരെ വധിക്കുന്നതിനും സൈന്യത്തെ സഹായിച്ചത് ഈ ധീരനാണ്. ഏറ്റുമുട്ടലിനിടെ ഭീകരരുടെ വെടിയേറ്റ ടൈസൺ നിലവിൽ ചികിത്സയിലാണ്.
സൈന്യത്തിന്റെ എലൈറ്റ് 2 പാരാ സ്പെഷ്യൽ ഫോഴ്സിലെ അംഗമാണ് ടൈസൺ. കിഷ്ത്വാർ ജില്ലയിലെ ചത്രൂ മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ടൈസൺ തന്റെ മികവ് തെളിയിച്ചത്. സൈനികർക്ക് മുന്നേ കുതിച്ച ടൈസൺ, ഭീകരർ ഒളിച്ചിരുന്ന വീട് കൃത്യമായി കണ്ടെത്തി. ഭീകരർ വെടിയുതിർത്തപ്പോൾ ആദ്യത്തെ വെടിയുണ്ടയേറ്റത് ടൈസൻ്റെ കാലിലായിരുന്നു. പരിക്കേറ്റിട്ടും ഭീകരരുടെ സാന്നിധ്യം സൈന്യത്തിന് ഉറപ്പിച്ചു നൽകുന്നതിൽ ടൈസൺ വിജയിച്ചു.
ടൈസൺ നൽകിയ വിവരത്തെത്തുടർന്ന് പ്രദേശം വളഞ്ഞ സൈന്യം ഭീകരരുമായി ശക്തമായ ഏറ്റുമുട്ടൽ നടത്തി. 'ഓപ്പറേഷൻ ത്രാഷി 1' എന്ന് പേരിട്ട ഈ നീക്കത്തിൽ മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ അഞ്ച് വർഷം മുമ്പ് അതിർത്തി കടന്നെത്തിയ കുപ്രസിദ്ധ കമാൻഡർ സൈഫുള്ള ബലോച്ചാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വെടിയേറ്റ ടൈസണെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. നിലവിൽ ടൈസന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.