

ഡൽഹി: റിട്ടയേർഡ് കരസേനാ മേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഒന്നുകിൽ പ്രസാധകരായ പെൻഗ്വിനോ അല്ലെങ്കിൽ നരവാനെയോ ഇക്കാര്യത്തിൽ കള്ളം പറഞ്ഞിരിക്കണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി മുൻ കരസേനാ മേധാവിയായ നരവനെ കള്ളം പറയുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും വ്യക്തമാക്കി.
പുസ്തകത്തിൻ്റെ ലിങ്ക് നൽകിക്കൊണ്ടുള്ള നരവനെയുടെ ട്വീറ്റ് വായിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ പറയുന്നു. എന്നാൽ പുസ്തകം ആമസോണിൽ ലഭ്യമാണ്. നരവനെയേക്കാൾ പെൻഗ്വിനെ നിങ്ങൾ വിശ്വസിക്കുന്നുണ്ടോയെന്നും രാഹുൽ ചോദിച്ചു.
നരവനെ തൻ്റെ പുസ്തകത്തിൽ നടത്തിയിട്ടുള്ള ചില പ്രസ്താവനകൾ ഇന്ത്യാ സർക്കാരിനും ഇന്ത്യൻ പ്രധാനമന്ത്രിക്കും അസൗകര്യമുണ്ടാക്കുന്നതാണ്. പെൻഗ്വിനാണോ അതോ മുൻ കരസേനാ മേധാവിയാണോ സത്യം പറയുന്നതെന്ന് നിങ്ങൾ തീരുമാനിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
മുൻ കരസേനാ മേധാവിയുടെ ആത്മകഥയായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി'യുടെ കോപ്പികൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പുസ്തകത്തിൻ്റെ പ്രിൻ്റ് അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിലുള്ള ഒരു പകർപ്പും പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രസിദ്ധീകരിക്കുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ലെന്നും പ്രസാധകർ പ്രസ്താവന പുറത്തിറക്കിയിരുന്നു. നിലവിൽ പ്രചാരത്തിലുള്ള പുസ്തകത്തിൻ്റെ പ്രിൻ്റ് അല്ലെങ്കിൽ ഡിജിറ്റൽ കോപ്പികൾ പകർപ്പവകാശ ലംഘനമാണെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിയമവിരുദ്ധവും അനധികൃതവുമായ രീതിയിൽ ഉള്ളടക്കം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കുമെന്നും തങ്ങളുടെ നിലപാട് രേഖപ്പെടുത്തുന്നതിനാണ് പ്രസ്താവന പുറപ്പെടുവിച്ചതെന്നും പ്രസാധകർ വ്യക്തമാക്കി.