പശ്ചിമ ബംഗാള്‍: ബിജെപി നേതാവിന്റെ വായിൽ ആസിഡ് ഒഴിക്കുമെന്ന് തൃണമൂൽ നേതാവിൻ്റെ ഭീഷണി. മാൾഡ ജില്ലാ തൃണമൂൽ കോൺഗ്രസ് പ്രസിഡന്റ് അബ്ദുർ റഹീം ബക്ഷിയാണ് ഭീഷണി മുഴക്കിയത്. ബിജെപി എംഎൽഎ ശങ്കർ ഘോഷിനെതിരെ പേര് എടുത്തു പറയാതെ ആയിരുന്നു അബ്ദുർ റഹീം ബക്ഷിയുടെ ഭീഷണി.
ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ 'റൊഹിങ്ക്യകള്‍' അല്ലെങ്കിൽ 'ബംഗ്ലാദേശികൾ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് നിയമസഭയിൽ ഘോഷ് നടത്തിയ മുൻകാല പരാമർശങ്ങളെ ചൂണ്ടിക്കാട്ടിയാണ് ബക്ഷി ഭീഷണി മുഴക്കിയത്. ബിജെപി പതാകകൾ വലിച്ചുകീറണമെന്നും ബഷി ആഹ്വാനം ചെയ്തു. ടിഎംസി മേധാവി മമത ബാനർജിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചാണ് പുതിയ പ്രസ്താവന. അപമാനകരമോ പ്രകോപനപരമോ ആയ ഭാഷ ഉപയോഗിക്കുന്നതിനെതിരെ തന്റെ പാർട്ടി സഹപ്രവർത്തകർക്ക് മമത പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു.
ബക്ഷിയുടെ പരാമർശങ്ങളെ അപലപിച്ച് ബിജെപി ഉടന്‍ തന്നെ രംഗത്തെത്തി. ഭരണകക്ഷി ഭീഷണിപ്പെടുത്തലിന്റെയും അക്രമത്തിന്റെയും സംസ്കാരം വളർത്തിയെടുക്കുക ആണെന്നാണ് ബിജെപിയുടെ ആരോപണം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭയമാണ് തൃണമൂല്‍ ഭീഷണി മുഴക്കാന്‍ കാരണമെന്ന് മാൾഡ ഉത്തറിൽ നിന്നുള്ള ബിജെപി പാർലമെന്റ് അംഗം ഖഗേൻ മുർമു പറഞ്ഞു. പ്രവർത്തകർക്കെതിരെ വ്യാജ പൊലീസ് കേസുകൾ ഫയൽ ചെയ്തുവെന്നാരോപിച്ച് മാൾഡയില്‍ ബിജെപി പ്രതിഷേധ പ്രകടനങ്ങളും ധർണയും സംഘടിപ്പിച്ചു.
മറ്റു സംസ്ഥാനങ്ങളിലെ ബംഗാളി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ ടിഎംസി സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അബ്ദുർ റഹീം ബക്ഷി. ഏതാനും വർഷങ്ങള്‍ക്ക് മുന്‍പും പ്രകോപനകരമായ ചില പരാമർശങ്ങള്‍ ബക്ഷിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ബിജെപി, സിപിഐഎം, കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും കൈയ്യും കാലും വെട്ടുമെന്നായിരുന്നു മുന്‍പ് നടത്തിയ പ്രസംഗം.