

ശ്രീനഗർ:ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ചാവേർ ബോംബാക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഡോ. ഉമർ തൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതായും ബന്ധപ്പെടാൻ കഴിയുന്നില്ലായിരുന്നുവെന്നും കുടുംബത്തിൻ്റെ വെളിപ്പെടുത്തൽ.
ഡോക്ടർ ആദിലും ഡോക്ടർ മുസമിലും അറസ്റ്റിലായ ശേഷം പൊലീസ് തന്നെയും അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞതിനെത്തുടർന്ന് ഉമർ ഒളിവിൽ പോകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, 33 കാരനായ ഉമർ ചാവേറാണെന്ന് സംശയിക്കപ്പെടുന്ന വിവരത്തിൻ്റെ ഞെട്ടലിലാണ് കോയൽ ഗ്രാമത്തിലെ ജനങ്ങൾ.
സംഭവശേഷം ഉമറിൻ്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് അമ്മയെയും രണ്ട് സഹോദരന്മാരെയും അറസ്റ്റ് ചെയ്തു. പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളുടെ സാമ്പിളുകൾ പരിശോധിക്കുന്നതിനായി അമ്മയുടെ ഡിഎൻഎ സാമ്പിളുകൾ എടുത്തിട്ടുള്ളതായും വൃത്തങ്ങൾ അറിയിച്ചു. പിതാവിനെയും പൊലീസ് ഇന്ന് ഡിഎൻഎ സാമ്പിളുകൾ എടുക്കുവാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അൽഫാല സർവകലാശാലയിലെ ഉമറിൻ്റെ സുഹൃത്തും സഹപ്രവർത്തകനുമായ ഡോ. സജാദും പൊലീസ് കസ്റ്റഡിയിലാണ്. കോയലിനടുത്ത സംബൂര ഗ്രാമത്തിൽ നിന്നും ഉമറിന് കാർ കൈമാറിയതായി സംശയിക്കുന്ന ആമിറിനേയും, സഹോദരൻ ഉമർ റാഷിദിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് പൊലീസ് അവരുടെ വീട് റെയ്ഡ് ചെയ്യുകയും ആമിറിനെയും ഉമറിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. എന്നാൽ ഇരുവരും ഭീകരാക്രമണ ഗൂഢാലോചനയിൽ പങ്കാളികളാണോ എന്നതിനെക്കുറിച്ച് ഇതുവരെ പൊലീസ് വ്യക്തമാക്കിയിട്ടില്ല.
തിങ്കളാഴ്ച വൈകിട്ട് റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപമാണ് രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 12 പേർ മരിക്കുകയും 20ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.