
വിഷമദ്യ ദുരന്തത്തിന് പിന്നാലെ കുവൈത്തില്‍ വ്യാപക റെയ്ഡ്. ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ വ്യാജ മദ്യം നിര്‍മിച്ച് വിതരണം നടത്തിയ പത്തോളം കേന്ദ്രങ്ങളാണ് അടച്ചത്. ഇന്ത്യക്കാരടക്കം അറുപതോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സാല്‍മിയയില്‍ നിന്ന് ഒരു നേപ്പാള്‍ സ്വദേശിയെ റെയ്ഡുമായി ബന്ധപ്പെട്ട് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അറസ്റ്റ് ചെയ്തു. മെഥനോളുമായാണ് നേപ്പാള്‍ സ്വദേശി അറസ്റ്റിലയാത്. മെഥനോള്‍ അടക്കമുള്ള വസ്തുക്കള്‍ തയ്യാറാക്കുകയും വില്‍പ്പന നടത്തുകയും ചെയ്തതായി നേപ്പാള്‍ സ്വദേശി സമ്മതിക്കുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ മറ്റൊരു റെയ്ഡില്‍ ഒരു ഇന്ത്യക്കാരനെയും നേപ്പാളുകാരനെയും അറസ്റ്റ് ചെയ്തു. കുവൈത്തിലുടനീളം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യാജ മദ്യവുമായി 67 പേരെ പിടികൂടി.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആറ് വ്യാജമദ്യ ഫാക്ടറികളും വീടുകള്‍ക്കുള്ളിലും വ്യവസായ മേഖലകളിലുമായി ഒളിച്ചു നടത്തിയിരുന്ന നാലോളം കേന്ദ്രങ്ങളും കുവൈത്ത് പൊലീസ് അടച്ചു. കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച 34 പേരെ തടവിലാക്കുകയും ചെയ്തു.
മെഥനോള്‍ കഴിക്കുന്നത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. അത് മരണത്തിലേക്ക് വരെ നയിക്കാമെന്നും മന്ത്രാലയം പറഞ്ഞു. ദേശ സുരക്ഷയ്ക്കും താമസക്കാരുടെ സുരക്ഷയ്ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അടുത്തിടെ കുവൈത്തിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ നിരവധി പേരാണ് മരിച്ചത്. കണ്ണൂരുകാരനായ സച്ചിന്‍ (31) എന്ന യുവാവാണ് മരിച്ച മലയാളി. 51 പേര്‍ മദ്യം കഴിച്ചതില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും 31 പേര്‍ക്ക് കൃത്രിമ ശ്വാസോച്ഛാസം നല്‍കി വരികയാണെന്നും നിരവധി പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും മന്ത്രലായം വ്യക്തമാക്കിയിരുന്നു.
ജലീബ് അല്‍ ഷുയോഖ് മേഖലയില്‍ നിന്നാണ് ദുരന്തത്തിനിരയായ യുവാക്കള്‍ വ്യാജ മദ്യം കഴിച്ചതെന്ന് കുവൈത്തിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കണ്ടെത്തിയിട്ടുണ്ട്. ഇതുവഴിയാണ് പ്രധാനപ്പെട്ട മറ്റു വ്യാജ നിര്‍മാണ കേന്ദ്ര മദ്യ നിര്‍മാണ കേന്ദ്രങ്ങളെക്കൂടി റെയ്ഡിലൂടെ അടപ്പിച്ചത്.