

പൂഞ്ച്: ജമ്മൂകാശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ മണ്ണിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പാകിസ്ഥാൻ പൗരനെ ഇന്ത്യൻ സൈന്യം പിടികൂടി. ഖാരി കർമാര സെക്ടറിലാണ് സംഭവം. അതിർത്തിയിൽ പെട്രോളിങ്ങ് നടത്തുകയായിരുന്ന സൈനികർ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുനിന്നുള്ള സംശയാസ്പദമായ നീക്കം ശ്രദ്ധിക്കുകയായിരുന്നു. ഉടൻ തന്നെ ജാഗ്രതയോടെ പ്രദേശം വളഞ്ഞ സൈന്യം, ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നയുടൻ ഇയാളെ കസ്റ്റഡിയിലെടുത്തു.
കക്കൂട്ട സ്വദേശിയായ ഗുലാം ഹുസൈൻ്റെ മകൻ മുഹമ്മദ് ജമീൽ ആണ് പിടിയിലായത്. കർമാര ഗ്രാമത്തിലെ രംഗർ നള്ളയ്ക്ക് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. നിലവിൽ സുരക്ഷാ ഏജൻസികൾ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അബദ്ധത്തിൽ അതിർത്തി കടന്നതാണോ അതോ മറ്റെന്തെങ്കിലും ഗൂഢാലോചന ഇതിന് പിന്നിലുണ്ടോ എന്ന് അധികൃതർ അന്വേഷിച്ചുവരികയാണ്.
ഇന്ത്യൻ സൈനികരുടെ ജാഗ്രത പരിശോധിക്കുന്നതിനും നുഴഞ്ഞുകയറ്റക്കാർക്ക് വിടവുകൾ കണ്ടെത്തുന്നതിനുമായി സാധാരണക്കാരെ നിയന്ത്രണരേഖയിലേക്ക് അയക്കുന്നത് പാക് സൈന്യത്തിൻ്റെ പതിവ് തന്ത്രമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പഞ്ചാബിലെ ബാമിയാൽ സെക്ടറിൽ അതിർത്തി സുരക്ഷാ സേന മറ്റൊരു നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പൂഞ്ചിലും സൈന്യത്തിൻ്റെ കൃത്യമായ ഇടപെടലുണ്ടായിരിക്കുന്നത്.