

ഡൽഹി: പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. "പാകിസ്ഥാൻ തീവ്രവാദികളെ സംരക്ഷിക്കുകയും ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നത് തുടർന്നാൽ ഭൂമിയിൽ ജീവിക്കണോ അതോ ചരിത്രത്തിന്റെയോ ഭാഗമാകണോ എന്നും അവർ തീരുമാനിക്കണം" എന്നായിരുന്നു മുന്നറിയിപ്പ്. ഇസ്ലാമാബാദിന് അയച്ച കർശനമായ സൈനിക സന്ദേശത്തിലാണ് കരസേനാ മേധാവി ഇക്കാര്യം പരാമർശിച്ചത്.
ഓപ്പറേഷൻ സിന്ദൂറിന് കാരണമായ സാഹചര്യങ്ങൾ വീണ്ടും ഉണ്ടായാൽ ഇന്ത്യൻ സൈന്യം എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി ഇക്കാര്യം വ്യക്തമാക്കിയത്. മനേക്ഷാ സെൻ്ററിൽ സംഘടിപ്പിച്ച യൂണിഫോം അൺവെയിൽഡ് (സേനാ സംവാദ്) സമ്മേളനത്തിലായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം.
രാജ്യം ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കരസേനാ മേധാവി ഇത്തരത്തിൽ ഒരു പരാമർശം നടത്തുന്നത്. തീവ്രവാദികളെ പിന്തുണയ്‌ക്കുന്ന പാകിസ്ഥാൻ നിലപാടിന് മുന്നറിയിപ്പ് നൽകുക മാത്രമല്ല ഭീകരതയ്‌ക്കെതിരെ ആഗോളതലത്തില്‍ ഇന്ത്യയുടെ നിലപാട് ആവർത്തിക്കുന്നതുമാണ് പരാമർശം.