ന്യൂഡല്‍ഹി: സമീപകാലത്തുണ്ടായ സംഘർഷങ്ങളില്‍ ഇന്ത്യക്ക് മേല്‍ വിജയം നേടിയെന്ന പാകിസ്ഥാന്റെ അവകാശവാദത്തെ പരിഹസിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂറിനുശേഷം, വിജയിച്ചുവെന്ന് പാകിസ്ഥാന് അവരുടെ ജനങ്ങളെ ബോധ്യപ്പെടുത്താൻ എങ്ങനെ കഴിഞ്ഞു എന്ന് കരസേനാ മേധാവി വിശദീകരിച്ചു. ആഖ്യാന നിർമിതിയെപ്പറ്റി അടിവരയിട്ടുകൊണ്ടായിരുന്നു വിശദീകരണം.
വിജയം മനസിലാണ്, അങ്ങനെയാണ് സ്വന്തം ജനങ്ങളെയും ശത്രു രാജ്യത്തെ ജനങ്ങളെയും നിഷ്പക്ഷരെയും സ്വാധീനിക്കുന്നതെന്ന് ജനറൽ ദ്വിവേദി ഐഐടി മദ്രാസിൽ നടന്ന സമ്മേളനത്തിൽ പറഞ്ഞു.
"ആഖ്യാന നിർമിതി നമ്മള്‍ വലിയ തോതില്‍ മനസിലാക്കേണ്ട ഒന്നാണ്. കാരണം വിജയം മനസിലാണ്. അത് എല്ലായ്പ്പോഴും മനസിലാണ്. നിങ്ങൾ ഒരു പാകിസ്ഥാനിയോട് നിങ്ങൾ തോറ്റോ ജയിച്ചോ എന്ന് ചോദിച്ചാൽ, അയാള്‍ പറയും, ഞങ്ങളുടെ സൈനിക മേധാവി ഫീൽഡ് മാർഷലായി മാറിയിരിക്കുന്നു. ഞങ്ങൾ ജയിച്ചിരിക്കണം. അതുകൊണ്ടാണല്ലോ അദ്ദേഹത്തെ ഫീൽഡ് മാർഷലാക്കിയത്," പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന് ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകിയതിനെ പരിഹസിച്ചുകൊണ്ട് കരസേനാ മേധാവി പറഞ്ഞു.
സമൂഹമാധ്യമങ്ങളും മറ്റ് പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കാനുള്ള പാകിസ്ഥാന്റെ ശ്രമം ഇന്ത്യന്‍ സേന വിജയകരമായി പ്രതിരോധിച്ചുവെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ജനങ്ങള്‍ക്ക് തന്ത്രപരമായ സന്ദേശങ്ങള്‍ കൈമാറുകയെന്നതാണ് പ്രധാനം. അതുകൊണ്ടാണ് ഞങ്ങള്‍ 'നീതി നടപ്പാക്കി' എന്ന സന്ദേശം ആദ്യം പങ്കുവെച്ചത്.
തന്ത്രപരമായ സന്ദേശങ്ങള്‍ ലളിതമായിരിക്കും എന്നാല്‍ അത് ലോകം മുഴുവന്‍ എത്തിച്ചേരുമെന്നും കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡർ വോമിക സിങ്ങും നേതൃത്വം കൊടുത്ത വാർത്താ സമ്മേളനങ്ങള്‍ ചൂണ്ടിക്കാട്ടി കരസേനാ മേധാവി പറഞ്ഞു.
ഇന്റലിജന്‍സ് നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷനുകളില്‍ വന്നിട്ടുള്ള സൈദ്ധാന്തികമായ മാറ്റങ്ങളെന്തൊക്കെയെന്നും ജനറല്‍ ദ്വിവേദി ഐഐടി-എം വിദ്യാർഥികളുമായി സംസാരിച്ചു. ശത്രുവിന്റെ അടുത്ത നീക്കം ഊഹിക്കാൻ കഴിയാത്ത ചെസ്സ് കളിയുമായാണ് ജനറല്‍ സൈനിക നടപടിയെ ഉപമിച്ചത്.
"ഓപ്പറേഷന്‍ സിന്ദൂറില്‍ ഞങ്ങള്‍ ചെസ് കളിക്കുകയായിരുന്നു. എതിരാളിയുടേയോ നമ്മുടെയോ അടുത്ത നീക്കം എന്താണെന്ന് മുന്‍കൂർ നിശ്ചയിക്കാന്‍ സാധിക്കില്ല. ഇതിനെയാണ് 'ഗ്രേ സോണ്‍' എന്ന് വിളിക്കുന്നത്. 'ഗ്രേ സോൺ' എന്നാൽ നമ്മൾ പരമ്പരാഗത ഓപ്പറേഷനുകളിലേക്ക് പോകുന്നില്ലാ എന്നാണ് അർഥം. നമ്മള്‍ ചെസ് പോലെ കരുക്കള്‍ നീക്കുകയാണ്. ശത്രുക്കളും. എവിടെയോ നമ്മള്‍ അവരെ ചെക്ക് മേറ്റാക്കും. എവിടെയോ നമ്മള്‍ സ്വന്തം കരു നഷ്ടമാക്കി കൊല്ലാന്‍ വേണ്ടി ഇറങ്ങും. ഇതാണ് ജീവിതം," കരസേനാ മേധാവി പറഞ്ഞു.
സേനയ്ക്ക് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ സ്വാതന്ത്ര്യം നല്‍കിയ 'രാഷ്ട്രീയ ഇച്ഛാശക്തി'യെക്കുറിച്ചും ജനറൽ ഉപേന്ദ്ര ദ്വിവേദി വാചാലനായി. ഏപ്രില്‍ 23ന്, പഹല്‍ഗാം ഭീകരാക്രമണത്തിന് പിറ്റേന്ന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ചേർന്ന സൈനിക മേധാവിമാരുടെ യോഗത്തില്‍ നടന്ന കാര്യങ്ങള്‍ ജനറല്‍ ദ്വിവേദി ഓർത്തെടുത്തു. "എന്ത് ചെയ്യണമെന്ന് നിങ്ങൾ തീരുമാനിക്കുക" എന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. ആ ആത്മവിശ്വാസവും രാഷ്ട്രീയ വ്യക്തതയുമാണ് തങ്ങളുടെ മനോവീര്യം ഉയർത്തിയതെന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു.