ലണ്ടനിലെ പരിപാടിക്കിടെയും ചർച്ചയായി 'പാറ്റ' പരാമർശം, പ്രതികരിക്കാതെ ചീഫ് ജസ്റ്റിസ്; അപലപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍

സദസിലെ ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് മര്യാദകേടായ പെരുമാറ്റമായിരുന്നുവെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അപലപിച്ചു
ലണ്ടനിലെ പരിപാടിക്കിടെയും ചർച്ചയായി 'പാറ്റ' പരാമർശം, പ്രതികരിക്കാതെ ചീഫ് ജസ്റ്റിസ്; അപലപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍
Published on
Updated on

ലണ്ടന്‍: ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത ലണ്ടനിലെ പൊതുപരിപാടിക്കിടെ നാടകീയ രംഗങ്ങള്‍. ലണ്ടനിലെ ബിർബെക്ക് സർവകലാശാലയില്‍ ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പ്രഭാഷണത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിലാണ് സദസിൽ നിന്ന് പ്രധിഷേധമുയർന്നത്. ഇന്ത്യയില്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നുവെന്ന ആരോപണത്തെക്കുറിച്ചും സർക്കാരിനെ വിമർശിച്ച യുവാക്കളെ പാറ്റകൾ എന്ന് വിളിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സർവകലാശാലയിൽ വിദ്യാർഥികൾ ‌ചോദ്യങ്ങളുമായി എത്തിയത്. പ്രസംഗത്തിന് ശേഷം സദസിലുള്ളവരുമായി സംവദിക്കുന്ന സെഷനിലാണ് വിദ്യാർത്ഥികൾ തങ്ങളുടെ ജനാധിപത്യപരമായ വിയോജിപ്പും ആശങ്കകളും പരസ്യമായി പ്രകടിപ്പിച്ചത്.

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ചോദ്യത്തോട് ചീഫ് ജസ്റ്റിസ് പ്രതികരിച്ചില്ല. ചർച്ച ചെയ്യുന്ന വിഷയവുമായി ബന്ധമില്ലാത്ത ചോദ്യമാണെന്ന് ചൂണ്ടിക്കാട്ടി മോഡറേറ്റർ ഇടപെട്ടതോടെ വിദ്യാർഥികള്‍ ബഹളം വച്ചു. ചിലര്‍ എഴുന്നേറ്റു നില്‍ക്കുകയും ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്യുന്നതുള്‍പ്പെടെ പരിപാടിക്കിടെ ഉണ്ടായ പ്രതിഷേധങ്ങള്‍ വിഡിയോ ക്ലിപ്പുകളില്‍ വ്യക്തമാണ്. കോക്രോച്ച് ജനതാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ വീഡിയോകൾ ‌പങ്കുവെച്ചിട്ടുണ്ട്.

ലണ്ടനിലെ പരിപാടിക്കിടെയും ചർച്ചയായി 'പാറ്റ' പരാമർശം, പ്രതികരിക്കാതെ ചീഫ് ജസ്റ്റിസ്; അപലപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍
"ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം"; പൂക്കളും പുസ്തകങ്ങളും ദേശീയ പതാകകളുമായി ജന്തർമന്തറിൽ സിജെപി പ്രതിഷേധം

അതേസമയം, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത പരിപാടിക്കിടെ സദസിലെ ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് മര്യാദകേടായ പെരുമാറ്റമായിരുന്നുവെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അപലപിച്ചു. ഇത്തരം മര്യാദകേടായ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയാത്തതും പൊതുവേദികളില്‍ പുലര്‍ത്തേണ്ട മാന്യമായ ഇടപെടലുകള്‍ക്ക് നിരക്കാത്തതുമാണ്. ഒരു ജനാധിപത്യ സമൂഹത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും എന്നാല്‍ അവ മാന്യവും ആദരവുള്ളതുമായ രീതിയില്‍ വേണം പ്രകടിപ്പിക്കാന്‍ എന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കൂട്ടിച്ചേർത്തു.

മെയ് 15ന് ഒരു കേസ് പരിഗണിക്കുന്നതിനിടെ കോടതിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'പാറ്റ' പരാമര്‍ശം നടത്തിയത്. ‘യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും ചിലർ സോഷ്യൽ മീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. ഇവർ ‘കോക്രോച്ചു’കളും ‘പരാന്നഭോജികളു’മാണ്’ എന്നായിരുന്നു പരാമർശം. ഇതിനെതിരെ വിമർശനങ്ങൾ കടുത്തപ്പോൾ തൻ്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ഇന്ത്യയിലെ യുവാക്കളെയാകെ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനോടുള്ള പ്രതിഷേധമായാണ് യുവാക്കൾ ആക്ഷേപഹാസ്യ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കോക്രോച്ച് ജനതാ പാര്‍ട്ടി' ആരംഭിച്ചത്. അഭിജിത് ദീപ്കെയാണ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ.

News Malayalam 24x7
newsmalayalam.com