ഇൻഡോർ: വനിതാ ലോകകപ്പിനെത്തിയ ഓസ്‌ട്രേലിയൻ താരങ്ങൾക്കെതിരെ അതിക്രമം. ഇൻഡോറിലെ കഫെയിൽ നിന്നും ഹോട്ടലിലേക്ക് നടക്കുന്നതിനിടെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തിൽ അഖ്വീൽ ഖാൻ എന്ന ഇൻഡോർ സ്വദേശിയെ പൊലീസ് പിടികൂടി. ഇന്ന് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനാണ് ടീം ഇൻഡോറിലെത്തിയത്.
വ്യാഴാഴ്ച രാവിലെ ഖജ്രാന റോഡിലാണ് സംഭവം. കഫേയിൽ നിന്ന് ഹോട്ടലിലേക്ക് നടക്കുമ്പോഴാണ് അതിക്രമം നടന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. താരങ്ങളെ പ്രതി പിന്തുടരുകയായിരുന്നു. പിന്നാലെ അഖ്വീൽ ഖാൻ ഇവരെ അക്രമിച്ചു. താരങ്ങളിൽ ഒരാളെ മോശമായി സ്പർശിച്ചതായി പൊലീസ് പറയുന്നു.
താരങ്ങൾ ഉടൻ തന്നെ ടീമിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ ഡാനി സിമ്മൺസിനെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പരാതി ലഭിച്ചയുടനെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഹിമാനി മിശ്ര താരങ്ങളെ കാണുകയും മൊഴ രേഖപ്പെടുത്തുകയും ചെയ്തു. പിന്നാലെയാണ് അഖ്വീൽ ഖാനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മുമ്പും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.