

നവി മുംബൈ: മഴയേയും ന്യൂസിലന്‍ഡിനേയും ഒന്നിച്ച് തോല്‍പ്പിച്ച് ഇന്ത്യയുടെ പെണ്‍പട. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് ആധികാരിക ജയം. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ മത്സരത്തില്‍ ഗംഭീര പ്രകടനമാണ് ഇന്ത്യയുടെ പെണ്‍കുട്ടികള്‍ കാഴ്ചവെച്ചത്.
ഇന്ത്യയുടെ ബാറ്റിംഗിനിടെ ഇടയ്ക്ക് മഴ എത്തിയതിനെ തുടര്‍ന്ന് മത്സരം 49 ഓവറാക്കി ചുരുക്കിയിരുന്നു. 341 റണ്‍സായിരുന്നു ഇന്ത്യ നേടിയത്. മഴ ഇടപെട്ട മത്സരത്തില്‍ ഇന്ത്യക്കെതിരെ 44 ഓവറില്‍ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡും പൊരുതി. പക്ഷെ, ഒടുവില്‍ 53 റണ്‍സിന് ജയം ഇന്ത്യക്ക് സ്വന്തം. ഒപ്പം സെമി ഫൈനലും ഉറപ്പിച്ചു. നോക്കൗട്ട് റൗണ്ടില്‍ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവയ്ക്കൊപ്പം ഇന്ത്യയും ഇടംപിടിച്ചു. ന്യൂസിലന്‍ഡും ശ്രീലങ്കയും പുറത്തായി.
81 റണ്‍സെടുത്ത ബ്രൂക്കി ഹാളിഡേയാണ് കിവികളുടെ ടോപ്സ്‌കോററായത്. ഇസബെല്ല ഗേസ് പുറത്താവാതെ റണ്‍സും നേടി.
ജീവന്മരണ പോരാട്ടത്തില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തത്. ശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍. ലോകകപ്പ് സെമി ബെര്‍ത്ത് ഉറപ്പാക്കണമെങ്കില്‍ ജയം എന്നല്ലാതെ മറ്റൊരു മത്സരഫലം ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്. അതുകൊണ്ടാണ് ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ്ങിനായി അയച്ചപ്പോള്‍ സര്‍വവീര്യവും പുറത്തെടുത്ത് ഇന്ത്യന്‍ വനിതകള്‍ തകര്‍ത്തടിച്ചത്. ഓപ്പണര്‍മാരായ പ്രതിക റാവലും സ്മൃതി മന്ദാനയും ചേര്‍ന്ന് ബാറ്റിങ് വെട്ടിക്കെട്ടിന് തിരിതെളിച്ചു. സെഞ്ചുറി തികച്ച ഇരുവരും ചേര്‍ന്ന് കുറിച്ചത് 212 റണ്‍സിന്റെ കൂട്ടുകെട്ട്. 95 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 109 റണ്‍സെടുത്താണ് മന്ദാനയാണ് ആദ്യം പുറത്തായത്. 34-ാം ഓവറില്‍ സൂസി ബേറ്റ്‌സിന്റെ പന്തില്‍ സബ്സ്റ്റിറ്റിയൂട്ട് ഹന്ന റോവെ ക്യാച്ചെടുക്കുകയായിരുന്നു.
പിന്നാലെയെത്തിയ ജെമിമ റോഡ്രിഗസും കത്തിക്കയറി. പ്രതികയുമായി 76 റണ്‍സിന്റെ കൂട്ടുകെട്ട്. 43-ാം ഓവറില്‍ ടീം സ്‌കോര്‍ 288ല്‍ എത്തിനില്‍ക്കെ പ്രതിക വീണു. അമേലിയ കെറിന്റെ പന്തില്‍ ഹന്ന റോവെയ്ക്ക് ക്യാച്ച്. 134 പന്തില്‍ 13 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 122 റണ്‍സാണ് പ്രതികയുടെ ബാറ്റില്‍നിന്ന് പിറന്നത്. ജെമിമയ്ക്ക് കൂട്ടായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എത്തി. അര്‍ധ സെഞ്ചുറി തികച്ച ജെമിമ ഫയര്‍ തുടര്‍ന്നപ്പോള്‍ ഹര്‍മന്‍ മികച്ച പിന്തുണ നല്‍കി.
മികച്ച ടോട്ടലിലേക്ക് ഇന്ത്യ കുതിക്കുന്നതിനിടെ, മഴ കളി തുടങ്ങി. 48 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സില്‍ എത്തിനില്‍ക്കെ കളി നിര്‍ത്തിവച്ചു. 51 പന്തില്‍ 10 ഫോര്‍ ഉള്‍പ്പെടെ 69 റണ്‍സുമായി ജെമിമയും, പത്ത് പന്തില്‍ 10 റണ്‍സുമായി ഹര്‍മന്‍ ക്രീസില്‍ നില്‍ക്കെയാണ് മഴ വീണത്.
ഇന്ത്യയുടെ റണ്ണൊഴുക്കിന് തടയിടാന്‍ ഏഴ് ബൗളര്‍മാര്‍ക്ക് ന്യൂസിലന്‍ഡ് പന്ത് കൊടുത്തു. അമേലിയ കെറും സൂസി ബേറ്റ്‌സും ഓരോ വിക്കറ്റ് വീഴ്ത്തി.