

തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ... ലോഡിങ്ങും പേയ്‌മെന്റ് തടസവും കണ്ടു മടുത്തോ? ഇനി ആ ബുദ്ധിമുട്ടുകൾ വേണ്ടെന്നാണ് ഇന്ത്യൻ റെയിൽവേ പറയുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹാരിക്കാൻ ഐആർസിടിസി പുതിയ വെബ്സൈറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്തൊക്കെ മാറ്റങ്ങളാണ് പുതിയ വെബ്സൈറ്റിലുണ്ടാകുക എന്ന് പരിശോധിച്ചാലോ?
പുതിയ സംവിധാനത്തിൽ യാത്രക്കാർക്ക് ബുക്കിങ് സമയത്ത് ഇഷ്ടമുള്ള സീറ്റും ബെർത്തും തിരഞ്ഞെടുക്കാൻ കഴിയുമെന്നതാണ് പ്രധാന കാര്യം. വിവിധ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് താരതമ്യം ചെയ്യാൻ ഫെയർ കലണ്ടർ സംവിധാനവും ലഭ്യമാകും. യാത്രാ തീയതിയിൽ ഇളവ് വരുത്താൻ കഴിയുന്നവർക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ കണ്ടെത്താൻ ഇത് സഹായകരമാകും. മറ്റൊന്ന് സ്ലീപ്പർ, എസി ത്രീ ടയർ, എസി ടു ടയർ ഉൾപ്പെടെ എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരൊറ്റ സ്ക്രീനിൽ കാണാനാകുമെന്നതാണ്. വിവിധ ഇന്ത്യൻ ഭാഷകൾക്കും പുതിയ വെബ്സൈറ്റിൽ പിന്തുണ ലഭിക്കും. കൂടാതെ ഭിന്നശേഷിക്കാർ, വിദ്യാർഥികൾ, രോഗികൾ എന്നിവർക്കുള്ള ഇളവ് ടിക്കറ്റുകൾ ഒരേ പ്ലാറ്റ്ഫോമിലൂടെ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.
സാങ്കേതിക തലത്തിലും വലിയ മാറ്റങ്ങളാണ് പുതിയ വെബ്സൈറ്റിലുള്ളത്. പുതിയ പ്ലാറ്റ്‍ഫോമിൽ ഒരു മിനിറ്റിൽ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങ്ങുകൾ കൈകാര്യം ചെയ്യാനാകും. നിലവിലുള്ളതിൽ ഏകദേശം 32,000 ബുക്കിങ്ങുകൾക്ക് മാത്രമേ സൗകര്യമുള്ളു. പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിന്റെ ശേഷിയും വർധിപ്പിക്കുമെന്നാണ് വിവരം. നിലവിൽ ഒരു മിനിറ്റിൽ ഏകദേശം നാല് ലക്ഷം അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്ന സംവിധാനം പുതിയ പതിപ്പിൽ 40 ലക്ഷത്തിലധികം അന്വേഷണങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാകുമെന്നാണ് റിപ്പോർട്ടുകൾ.
ഇതിലെല്ലാത്തിനുമുപരി ബുക്കിങ് സമയത്ത് ബുദ്ധിമുട്ടുണ്ടാക്കുന്ന പോപ്പ്-അപ്പുകൾ, പരസ്യ ബാനറുകൾ, ആവർത്തിച്ചുള്ള ക്യാപ്ച പരിശോധനകൾ എന്നിവയും പുതിയ വെബ്സൈറ്റിൽ കുറവായിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്. അതായത് തത്കാൽ ബുക്കിങ് സമയത്തെ പ്രശ്‍നങ്ങൾ താൽക്കാലികമായല്ല പൂർണമായും ഇല്ലാതാവുമെന്ന് സാരം.