
ജമ്മു കശ്മീര്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ വര്‍ധിക്കുന്നു. 60 പേര്‍ മരിച്ചെന്നും നൂറിലേറെ പേര്‍ക്ക് പരിക്കേറ്റെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീരിലെ ചൊസിതി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനമുണ്ടായത്.
പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ചളിയും മണ്ണും വന്നു മൂടിയ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
'കിഷ്ത്വാറില്‍ 500 ലധികം പേര്‍ ഇപ്പോഴും ഇപ്പോഴും അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അത് 1000ത്തിന് മുകൡ പോകാന്‍ സാധ്യതയുണ്ടെന്ന് ചില ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്,' ഒമര്‍ അബ്ദുള്ള പറഞ്ഞു.
സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ കിഷ്ത്വാറിലെ മേഘവിസ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായവരെയും സ്മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സംസാരിച്ചത്. കാലാവസ്ഥയെക്കുറിച്ച് നമ്മള്‍ ബോധവാന്മാരാണെങ്കിലും അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
കിഷ്ത്വാര്‍ ജില്ലയിലെ ചൊസിതി മേഖലയിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മേഘവിസ്‌ഫോടനം ഉണ്ടായത്. തുടര്‍ന്ന് മിന്നല്‍ പ്രളയവുമുണ്ടായി. മരണ സംഖ്യ ഓരോ മണിക്കൂറിലും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ചൊസിതി മേഖലയില്‍ മച്ചൈല്‍ മാതാ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നിരവധി ആളുകള്‍ ഒത്തുകൂടിയിരുന്നു. ഭൂരിഭാഗം പേരും മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ വീടുകളും റോഡുകളും ഒഴുകിപോയി.
180ല്‍ അധികം വരുന്ന എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സേന സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രതികൂല കാലാവസ്ഥയും ഗതാഗതമാര്‍ഗം പുനസ്ഥാപിക്കാനാകാത്തതും വെല്ലുവിളിയാണ്. രക്ഷാ പ്രവര്‍ത്തകര്‍ കാല്‍നടയായി എത്തിയാണ് രക്ഷാ ദൗത്യം നടത്തുന്നത്.
കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ജമ്മു കശ്മീരിനകത്തും പുറത്തും നിന്ന് സാധ്യമായ എല്ലാ വിഭവങ്ങളും സമാഹരിച്ചു വരികയാണെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു. ജമ്മു കശ്മീര്‍ ഭരണകൂടം കണ്‍ട്രോള്‍ റൂമും ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. അമിത് ഷാ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും സംസാരിച്ചു. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.