ഉത്തർപ്രദേശ്: നോയിഡയിൽ അപകടകരമാംവിധം ടാക്സി ഡ്രൈവർ വാഹനമോടിച്ചെന്ന പരാതിയുമായി കുടുംബം. പൊലീസിൽ നിന്ന് രക്ഷപ്പെടാനായാണ് ഡ്രൈവർ അമിത വേഗത്തിൽ കാറോടിച്ചത്. വാഹനം നിർത്താൻ കുടുംബം പലതവണ അപേക്ഷിച്ചിട്ടും അയാൾ വിസമ്മതിച്ചതോടെ കുടുബം കരഞ്ഞ് അപേക്ഷിക്കുകയാണ്. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഗ്രേറ്റർ നോയിഡ വെസ്റ്റിൽ നിന്ന് ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിലേക്ക് യാത്ര ചെയ്ത കുടുംബത്തിനാണ് ദുരവസ്ഥ. യാത്ര തുടങ്ങി ഏകദേശം 10 മിനിറ്റ് കഴിഞ്ഞപ്പോൾ, ട്രാഫിക് പൊലീസുകാർ ടാക്സി നിർത്താൻ സിഗ്നൽ നൽകി. എന്നാൽ ഡ്രൈവർ വണ്ടി നിർത്താതെ അമിത വേഗതയിൽ വാഹനമോടിക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ രോഷാകുലരായ കുടുംബം വാഹനം നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെടുന്നതായി കേൾക്കാം. എന്നാൽ ഡ്രൈവർ ഇത് വകവെക്കാഞ്ഞതോടെ, കുടുംബം വണ്ടി നിർത്താനായി അപേക്ഷിക്കുകയാണ്. “പൊലീസുകാരോട് ഞങ്ങൾ സംസാരിക്കാം, നിങ്ങളെ രക്ഷിക്കാം, നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല… ദയവായി വണ്ടി നിർത്തൂ, കുഞ്ഞ് ഭയപ്പെട്ടിരിക്കുകയാണ്.” പരിഭ്രാന്തിയോടെ സ്ത്രീ അപേക്ഷിക്കുന്നു.
എന്നാൽ അവരുടെ അഭ്യർത്ഥനകൾ അവഗണിച്ച്, താൻ "സുരക്ഷിതമായി വാഹനമോടിക്കുകയായിരുന്നെന്ന് തറപ്പിച്ച് പറയുകയാണ് ഡ്രൈവർ. നിർത്തിയാൽ പിടിക്കപ്പെടുമെന്നും ഇയാൾ പറയുന്നുണ്ട്.
സംഭവത്തിൻ്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ നോയിഡ പൊലീസ് നടപടി സ്വീകരിച്ചു. "മേൽപ്പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട്, ഫേസ്-3 പൊലീസ് സ്റ്റേഷൻ അടിയന്തര നടപടി സ്വീകരിച്ച് ക്യാബ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ബന്ധപ്പെട്ട വാഹനം കസ്റ്റഡിയിലെടുക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്," സെൻട്രൽ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) ഒരു പ്രസ്താവനയിൽ പറഞ്ഞു.