ജമ്മു കശ്മീർ: പൊലീസ് വിലക്ക് മറികടന്ന് രക്തസാക്ഷി സ്മാരകം സന്ദർശിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. മഹാരാജാ ഹരി സിങ്ങിന്റെ ദോഗ്ര സേന വെടിവെച്ച് കൊന്ന കശ്മീരി പ്രതിഷേധക്കാരുടെ ശവകുടീരം സന്ദർശിക്കാനാണ് മുഖ്യമന്ത്രി മതില്‍ ചാടിക്കടന്ന് എത്തിയത്.
"1931 ജൂലൈ 13ലെ രക്തസാക്ഷികളുടെ ശവകുടീരങ്ങളിൽ ഞാൻ ആദരാഞ്ജലികളും ഫാത്തിഹയും അർപ്പിച്ചു. തെരഞ്ഞെടുക്കപ്പെടാത്ത സർക്കാർ എന്റെ വഴി തടയാൻ ശ്രമിച്ചു. നവാട്ട ചൗക്കിൽ നിന്ന് നടക്കാൻ നിർബന്ധിതനായി. നഖ്‌ഷ്‌ബന്ദ് സുബ്രഹ്മണ്യൻ ദേവാലയത്തിലേക്കുള്ള ഗേറ്റ് അവർ തടഞ്ഞു. ഞാന്‍ മതിൽ ചാടിക്കടക്കാന്‍ നിർബന്ധിതനായി. അവർ എന്നെ ശാരീരികമായി പിടികൂടാൻ ശ്രമിച്ചു, പക്ഷേ ഇന്ന് എന്നെ തടയാനാവില്ല," ഒമർ അബ്ദുള്ള എക്സില്‍ കുറിച്ചു. തന്നെ തടയാന്‍ ശ്രമിക്കുന്ന വീഡിയോയും കശ്മീർ മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. ശാരീരികമായി തടയാൻ ശ്രമിച്ചെങ്കിലും അത് മറികടന്ന് ആദരാഞ്ജലി അർപ്പിച്ചെന്ന് ഒമർ അബ്ദുള്ള എക്സില്‍ കുറിച്ചു.
മസാർ-ഇ-ഷുഹാദ ശവകുടീരം സന്ദർശിക്കുന്നതിൽ നിന്ന് ഒമർ അബ്ദുള്ളയ്ക്കും നാഷണൽ കോൺഫറൻസ് നേതാക്കൾക്കും ലഫ്റ്റനന്റ് ഗവർണർ മനോജ് സിന്‍ഹ വിലക്ക് ഏർപ്പെടുത്തിയിരുന്നു. രക്തസാക്ഷിദിനത്തിൽ തന്നെ വീട്ടുതടങ്കലിലാക്കിയെന്നാണ് ഒമറിൻ്റെ ആരോപണം. നിരവധി നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളും സമാനമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
1931ല്‍ ശ്രീനഗർ സെന്‍ട്രല്‍ ജയിലിനു പുറത്ത് മഹാരാജാ ഹരി സിങ്ങിന്റെ ദോഗ്ര സേന 22 പേരെ കൊലപ്പെടുത്തിയതിന്റെ ഓർമയ്ക്ക് ജൂലൈ 13ന് ജമ്മു കശ്മീരില്‍ രക്തസാക്ഷി ദിനമായാണ് ആചരിക്കുന്നത്. 2020ൽ ലഫ്റ്റനന്റ് ഗവർണറുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഈ ദിവസത്തെ ഗസറ്റഡ് അവധി ദിനങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
മുന്‍പൊരു പോസ്റ്റില്‍ 1931ലെ കൊലപാതകങ്ങളെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുമായി അബ്ദുള്ള താരതമ്യം ചെയ്തിരുന്നു. "ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ യഥാർഥ വീരന്മാരെ ഇന്ന് വില്ലന്മാരായി ചിത്രീകരിക്കുന്നത് എത്ര നാണക്കേടാണ്," ഇതായിരുന്നു ഒമറിന്റെ ട്വീറ്റ്. 1931 ലെ കൊലപാതകങ്ങളെ ജാലിയൻ വാലാബാഗ് ദുരന്തത്തോട് ഉപമിച്ചതിന് അബ്ദുള്ളയെ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ജമ്മു കശ്മീർ ചുമതലയുമുള്ള തരുൺ ചുഗ് വിമർശിച്ചിരുന്നു. ഇത് രക്തസാക്ഷിത്വമല്ല, ഇസ്ലാമിക അക്രമത്തെ മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നായിരുന്നു തരുൺ ചുഗിന്റെ വിമർശനം.