ഒരേ സമയം രണ്ട് ഡിഗ്രി കോഴ്‌സുകള്‍, ഒപ്പം ഓസ്‌ട്രേലിയന്‍ കമ്പനിയില്‍ ഇന്റേണ്‍; സ്‌നേഹ പഠനത്തില്‍ മിടുക്കിയെന്ന് കുടുംബം

ആറ് ദിവസം മുമ്പ് കാണാതായ സ്നേഹയെ കഴിഞ്ഞ ദിവസമാണ് യമുനാ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
സ്നേഹ ദേബ്‌നാഥ്
സ്നേഹ ദേബ്‌നാഥ്Source: Facebook/ Asim Debnath
Published on

കഴിഞ്ഞ ദിവസം യമുനാ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്‌നേഹ ദേബാനന്ദ് പഠനത്തില്‍ മിടുമുടിക്കിയായിരുന്നുവെന്ന് കുടുംബം. രാജ്യത്തെ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരേ സമയം രണ്ട് കോഴ്‌സുകള്‍ സ്‌നേഹ പഠിച്ചിരുന്നു. കൂടാതെ ഒരു ഓസ്‌ട്രേലിയന്‍ കമ്പനിയില്‍ ഇന്റേണ്‍ ആയും ജോലി നോക്കിയിരുന്നു.

ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിനിയായിരുന്ന സ്‌നേഹാ ദേബാനന്ദിനെ കാണാതായി ആറ് ദിവസങ്ങള്‍ക്കു ശേഷമാണ് യമുനാ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. യമുനാ നദിയിലെ ഗീത ഫ്‌ലൈ ഓവറിന് താഴെയായാണ് മൃതദേഹം കണ്ടെത്തിയത്.

സ്നേഹ ദേബ്‌നാഥ്
കാണാതായ ഡൽഹി സർവകലാശാല വിദ്യാർഥിനി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് യമുനാ നദിയിൽ

ത്രിപുര സ്വദേശികളായ കുടുംബം സ്‌നേഹയുടെ വിദ്യാഭ്യാസത്തിനായാണ് ഡല്‍ഹിയില്‍ താമസിച്ചിരുന്നത്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ആത്മറാം സനാതന ധര്‍മ കോളേജില്‍ ഗണിതത്തില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു. മദ്രാസ് ഐഐടിയില്‍ ഡാറ്റ സയന്‍സ് ആന്റ് പ്രോഗ്രാമിങ്ങില്‍ കോഴ്‌സ് ചെയ്യുന്നതായും സ്‌നേഹയുടെ ലിങ്ക്ഡിന്‍ ബയോയില്‍ പറയുന്നുണ്ട്. കൂടാതെ, ഒസ്‌ട്രേലിയന്‍ കമ്പനിയില്‍ ഇന്റേണായി ജോലി ചെയ്യുന്നതായും ബയോയില്‍ നിന്ന് വ്യക്തമാകുന്നു.

ചെറിയ പ്രായമായിരുന്നെങ്കിലും സ്‌നേഹയെ കുടുംബത്തിലെ എല്ലാവരും ബഹുമാനിച്ചിരുന്നതായി ബന്ധു പറയുന്നു. 'ഒരേ സമയം രണ്ട് ഡിഗ്രി കോഴ്‌സുകള്‍ക്ക് പഠിക്കുകയായിരുന്നു അവള്‍. അതേസമയം, ജോലിയും ചെയ്തിരുന്നു. ആരോടും പണം വാങ്ങേണ്ട ആവശ്യമുണ്ടായിരുന്നില്ല. മിടുമിടുക്കിയായിരുന്നു സ്‌നേഹയെന്നും ബന്ധു പറയുന്നു.

എന്നാല്‍, കഴിഞ്ഞ ഏതാനും മാസമായി സ്‌നേഹ അസ്വസ്ഥയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥിയെ അലട്ടിയിരുന്നതെന്നാണ് കരുതുന്നത്. സ്‌നേഹയുടെ പിതാവ് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മൃതദേഹം കണ്ടെത്തുന്നതിന് തൊട്ടു മുമ്പ് ഹോസ്റ്റലില്‍ നിന്നും സ്‌നേഹയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നു. സ്‌നേഹയുടെ കൈപ്പടയില്‍ എഴുതിയ കുറിപ്പില്‍, സിഗ്‌നേച്ചര്‍ പാലത്തില്‍ നിന്ന് ചാടി തന്റെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് പറയുന്നുണ്ട്. 'എനിക്ക് ഒരു പരാജയവും ഭാരവുമായ പോലെ തോന്നുന്നു, ഇതുപോലെ ജീവിക്കുന്നത് അസഹനീയമാണ്, ഇത് എന്റെ മാത്രം തീരുമാനമാണ്' എന്നും കുറിപ്പില്‍ പറയുന്നുണ്ട്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com