

ഡൽഹി: വോട്ട് ചോരി ആരോപണവിധേയനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർഥി സംഘടനകളായ ഐസയും എഐഎസ്എഫും എൻഎസ്‌യുവും നടത്തുന്ന പ്രതിഷേധം കൂടുതൽ കരുത്താർജിക്കുന്നു. നിരോധനാജ്ഞ നിലനിൽക്കുന്ന ജന്തർമന്തറിന് സമീപത്താണ് പ്രതിഷേധം നടക്കുന്നത്. തുടർച്ചയായ മൂന്നാം ദിനവും വലിയതോതിലുള്ള പ്രതിഷേധങ്ങളാണ് ജന്തർമന്തറിന് സമീപത്തായി നടക്കുന്നത്.
ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ്റെയും (ഐസ), എഐഎസ്എഫ്, എൻഎസ്‌യു തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യ ഗേറ്റിൽ നിന്നും ജന്തർമന്തറിലേക്ക് നടത്തിയ സിറ്റിസൺസ് മാർച്ച് വിവിധയിടങ്ങളിൽ പൊലീസ് തടയാൻ ശ്രമിച്ചു. ഡൽഹി പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരുമാണ് പ്രതിഷേധക്കാരെ നേരിടാനെത്തിയത്. പ്രതിഷേധങ്ങൾ തടയാനായി പൊലീസ് തീർത്ത ബാരിക്കേഡുകൾ മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചത് സ്ഥലത്ത് ചെറിയതോതിലുള്ള സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഇതോടെ ഡൽഹി പൊലീസിൻ്റെയും സിആർപിഎഫിൻ്റെയും നേതൃത്വത്തിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും ആരംഭിച്ചു. തുടർച്ചയായ മൂന്നാം ദിനവും ഐസ ദേശീയ പ്രസിഡൻ്റ് നേഹ ബോറ ഡൽഹിയിൽ സമരത്തിനിടെ അറസ്റ്റ് വരിച്ചു. ഇതോടെ വിദ്യാർഥികൾ പൊലീസുമായി ചെറിയതോതിൽ സംഘർഷമുണ്ടാകുന്നതിൻ്റെ വക്കിലേക്ക് വരെ നീങ്ങുകയും ചെയ്തു.
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ വിദ്യാർഥികൾ പൊലീസ് വാഹനത്തിന് മുകളിൽ കയറി നിലയുറപ്പിക്കുകയും ചെയ്തു. നിരവധി വിദ്യാർഥി നേതാക്കളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. സ്ഥലത്ത് ഇപ്പോഴും വൻതോതിൽ വിദ്യാർഥികൾ പ്രതിഷേധവുമായി നിലയുറപ്പിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നത് വരെ അണമുറിയാതെ പ്രതിഷേധം തുടരാനാണ് വിവിധ സംഘടനകളുടെ തീരുമാനം.