

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഡൽഹി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് അറസ്റ്റ് എന്നാണ് വിവരം. ഇവരെ അൽപ്പസമയത്തിനകം ഡൽഹി കാൻ്റ് പൊലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അതേസമയം, വ്ളോഗർ ധ്രുവ് റാഠിയെ ഗുരുഗ്രാമിൽ പൊലീസ് വിട്ടയച്ചിട്ടുണ്ട്.
തന്നെ തടവിലാക്കി ഭയപ്പെടുത്താനാകില്ലെന്ന് അഭിജീത് ദിപ്കെ പ്രതികരിച്ചു. ഡൽഹി പൊലീസിൻ്റെ കസ്റ്റഡിയിലിരിക്കെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിജെപി സ്ഥാപക നേതാവിൻ്റെ ഈ പ്രതികരണം. എത്ര തടവിലിട്ടാലും അടിച്ചമർത്തിയാലും പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും എന്തുവന്നാലും തോറ്റു കൊടുക്കില്ലെന്നും ദീപ്കെ കുറിച്ചു.
അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ഞായറാഴ്ച രാവിലെ 9 മണിക്ക് ഡൽഹി കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പാർട്ടിയുടെ നിയമ മേധാവി രത്ന സിങ് പറഞ്ഞു. ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ രാവിലെ സംഭവത്തെക്കുറിച്ച് തന്നെ അറിയിച്ചതായി അഭിഭാഷക പറഞ്ഞു. പാർട്ടിയെ പ്രതിനിധീകരിക്കുന്ന മറ്റ് അഭിഭാഷകർക്കൊപ്പം താനും പൊലീസ് സ്റ്റേഷനിൽ ഉണ്ടാകുമെന്ന് അവർ കൂട്ടിച്ചേർത്തു.
അതേസമയം, ഡൽഹി പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെ ശക്തമായ ഭാഷയിൽ അപലപിച്ച് മാധ്യമ സംഘടനകൾ രംഗത്ത്. സംഭവത്തിൽ പൊലീസ് മാപ്പ് പറയണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഡൽഹി പോലീസിനോട് പരസ്യമായി മാപ്പ് പറയണമെന്നും നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ (പിസിഐ), ഇന്ത്യൻ വനിതാ പ്രസ് കോർപ്സ് (ഐഡബ്ല്യുപിസി) എന്നിവ ഉൾപ്പെടെ നാല് പത്രപ്രവർത്തക സംഘടനകൾ ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനേയും ഉപദ്രവിച്ചതിനേയും മാധ്യമ സംഘടനകൾ അപലപിച്ചു. ചില പത്രപ്രവർത്തകരുടെ ഫോണുകളും ഉപകരണങ്ങളും പിടിച്ചെടുത്തതായി ആരോപിക്കപ്പെടുന്നു. ദി ക്വിൻ്റ്, ദി വയർ, സ്ക്രോൾ, നവഭാരത് ടൈംസ്, ന്യൂസ് ലോൺട്രി എന്നിവയിലെ റിപ്പോർട്ടർമാരും മുതിർന്ന പത്രപ്രവർത്തകൻ പരഞ്ജോയ് ഗുഹ തകുർത്തയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.