33,000 കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലേക്ക് എത്തിയത് 4 ലക്ഷത്തോളം പേര്‍; ബെംഗളൂരു ദുരന്തത്തിന് കാരണം RCB എന്ന് കര്‍ണാടക സര്‍ക്കാര്‍

"വിജയം ആഘോഷിക്കാന്‍ എല്ലാ ആരാധകരേയും ക്ഷണിക്കുന്നുവെന്നാണ് ആര്‍സിബി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതാണ് ആരാധകര്‍ കൂട്ടത്തോടെ എത്താന്‍ കാരണമായത്"
Bengaluru stampede
ബെംഗളൂരു ദുരന്തം Source: X
Published on

ബെംഗളൂരു ദുരന്തത്തിന് കാരണം ആര്‍സിബിയും ബിസിസിഐയും ആണെന്ന വാദവുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഹൈക്കോടതിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ആരാധകരെ അനുമതിയില്ലാതെ ക്ഷണിച്ചത് ആര്‍സിബിയാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

ആര്‍സിബി മാനേജ്‌മെന്റ് അനുമതി ചോദിച്ചിരുന്നില്ല. 33000 കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലേക്ക് ആരാധകരെ ക്ഷണിച്ചത് പ്രതിസന്ധിയായി. 4 ലക്ഷത്തോളം പേരാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

Bengaluru stampede
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് ആർ‌സി‌ബി

ഐപിഎല്‍ കിരീട നേട്ടത്തിനു ശേഷം പ്രഖ്യാപിച്ച വിക്ടറി പരേഡിനിടെയാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് ഒരു കുട്ടി ഉള്‍പ്പെടെ പതിനൊന്ന് പേരാണ് മരണപ്പെട്ടത്.

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സൊസാലെ ഉള്‍പ്പെടെ നാല് വ്യക്തികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാരിന്റെ വാദം. അനുമതി തേടാതെ, സോഷ്യല്‍മീഡിയയിലൂടെ ലോകത്തെ മുഴുവന്‍ ക്ഷണിച്ചത് ആര്‍സിബിയാണെന്ന് സര്‍ക്കാര്‍ വിമര്‍ശിച്ചു. ജസ്റ്റിസ് എസ് ആര്‍ കൃഷ്ണ കുമാറിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കര്‍ണാടക സര്‍ക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറല്‍ ശശി കിരണ്‍ ഷെട്ടിയാണ് കോടതിയില്‍ ഹാജരായത്.

Bengaluru stampede
SPOTLIGHT | കളിയാവേശത്തെ കൊന്നെടുത്ത അനാസ്ഥ

അപകടത്തില്‍ ആര്‍സിബിയെ കൂടാതെ, ബിസിസിഐക്കും ഉത്തരവാദിത്തമുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. സുരക്ഷ, ഗേറ്റ്, ടിക്കറ്റ് മാനേജ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട് ആര്‍സിബിയും ബിസിസിഐയും തമ്മില്‍ കരാറുണ്ടായിരുന്നുവെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.

ടിക്കറ്റിനെ കുറിച്ചോ, പ്രവേശന മാനദണ്ഡങ്ങളെ കുറിച്ചോ പറയാതെ, ആര്‍സിബി വിവിധ സോഷ്യല്‍മീഡിയ പേജുകളിലൂടെ ആരാധകരെ വിക്ടറി പരേഡിനായി ക്ഷണിച്ചു. ആകെ 33,000 പേരെ ഉള്‍ക്കൊള്ളാനാകുന്ന സ്റ്റേഡിയത്തിലേക്ക് ഒഴുകിയതെത്തിയത് 3.5 ലക്ഷം മുതല്‍ 4 ലക്ഷത്തോളം ആരാധകരാണ്. വിജയം ആഘോഷിക്കാന്‍ എല്ലാ ആരാധകരേയും ക്ഷണിക്കുന്നുവെന്നാണ് ആര്‍സിബി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതാണ് ആരാധകര്‍ കൂട്ടത്തോടെ എത്താന്‍ കാരണമായതും അപകടത്തിലും മരണത്തിലും കലാശിച്ചതും.

വിക്ടറി പരേഡിനോ സ്‌റ്റേഡിയത്തിലെ വിജയാഘോഷത്തിനോ അനുമതി തേടിയിരുന്നില്ല. അനുമതി തേടുന്നതിന് പകരം അറിയിപ്പാണ് അവര്‍ നല്‍കിയത്. ജൂണ്‍ മൂന്നിന് പരേഡ് നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് 'വിക്ടറി പരേഡിനായി പദ്ധതി തയ്യാറാക്കും' എന്നാണ് ആര്‍സിബി അറിയിച്ചത്, അതായത് പരേഡ് നടത്താന്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഘോഷയാത്രയ്ക്കും പരിപാടിക്കും ലൈസന്‍സിനായി കുറഞ്ഞത് ഏഴ് ദിവസം മുമ്പെങ്കിലും അപേക്ഷിക്കാതിരുന്നതിലൂടെ സംഘാടകര്‍ നിയമം ലംഘിച്ചുവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ഇവന്റിനെ കുറിച്ച് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ കത്ത് മാത്രമാണ് സര്‍ക്കാരിന് ലഭിച്ചത്. അത് പരിപാടി നടത്താനുള്ള ഔദ്യോഗിക അപേക്ഷയായിരുന്നില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സമ്പൂര്‍ണ നിയമലംഘനമാണ് നടന്നതെന്നും അനുമതിയില്ലാതെ മറ്റ് വിനോദപരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികളാണ് ആര്‍സിബി മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ പരിപാടിയാണെന്ന തരത്തിലാണ് മാനേജ്‌മെന്റ് കോടതിയിലെത്തിയത്. അത് തെറ്റാണെന്നും ആര്‍സിബിയുടെ സ്വകാര്യ പരിപാടിയായിരുന്നുവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com