SPOTLIGHT | കളിയാവേശത്തെ കൊന്നെടുത്ത അനാസ്ഥ

ആ സ്റ്റേഡിയത്തിനു മുന്നിലേക്ക് ഇരച്ചെത്തിയ പതിനായിരങ്ങള്‍ സൗജന്യ സാരിയോ സൗജന്യ ഭക്ഷണമോ സൗജന്യ വിഭൂതിയോ ആഗ്രഹിച്ചുവന്നവരല്ല. വിരാട് കോഹ്‌ലിയെപ്പോലെ കിരീടത്തിനായി പതിനെട്ടുവര്‍ഷം കാത്തിരുന്നവരാണ്
സ്പോട്ട്ലൈറ്റ്
സ്പോട്ട്ലൈറ്റ്
Published on

ഒരു ക്രിക്കറ്റ് ടീമിനു വേണ്ടത്രയാളുകളാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. ആ ദുരന്തത്തിനു രണ്ടു കാരണങ്ങളേയുള്ളു; ആസൂത്രണമില്ലായ്മയും അനാസ്ഥയും. രണ്ടിനും ഉത്തരവാദി ആര്‍സിബി ടീമും കര്‍ണാടകയിലെ ആഭ്യന്തരവകുപ്പുമാണ്. ആരാധകരുടെ വികാരം മുതലെടുത്ത് ടീമിനു മതിപ്പുണ്ടാക്കാന്‍ നടത്തിയ നീക്കമാണ് കൊടിയ ദുരന്തമായി മാറിയത്. ഇല്ലായ്മകളും വല്ലായ്മകളും വയ്യായ്കകളുമായി ജീവിതം സംഘര്‍ഷഭരിതമാകുമ്പോള്‍ ആകെ ആസ്വാദ്യകരമാകുന്നത് ഇത്തരം നിമിഷങ്ങളാണ്.

ആ സ്റ്റേഡിയത്തിനു മുന്നിലേക്ക് ഇരച്ചെത്തിയ പതിനായിരങ്ങള്‍ സൗജന്യ സാരിയോ സൗജന്യ ഭക്ഷണമോ സൗജന്യ വിഭൂതിയോ ആഗ്രഹിച്ചുവന്നവരല്ല. വിരാട് കോഹ്‌ലിയെപ്പോലെ കിരീടത്തിനായി പതിനെട്ടുവര്‍ഷം കാത്തിരുന്നവരാണ് ഓരോരുത്തരും. വനവാസം പോലും പതിനാലുകൊല്ലമാണെങ്കില്‍ ഇതു പിന്നെയും നാലാണ്ടു കൂടി സ്‌കോര്‍ബോര്‍ഡില്‍ സങ്കടങ്ങള്‍ മാത്രം എഴുതിച്ചേര്‍ത്തു കഴിഞ്ഞവരാണ്. ആ കിരീടം ഏറ്റുവാങ്ങാന്‍ രജത് പട്ടീദാറിനെപ്പോലെ അര്‍ഹതയുള്ളവരാണ് ആ ഓരോരുത്തരും. അവര്‍ക്ക് ആ കിരീടവും ഒപ്പം കിങ് കോഹ്‌ലിയേയും ഒന്നു കണ്ടാല്‍ മാത്രം മതിയായിരുന്നു. അവരാണ് നിമിഷ നേരംകൊണ്ടു കൊഴിഞ്ഞുപോയത്.

സ്പോട്ട്ലൈറ്റ്
SPOTLIGHT | മഹാരാഷ്ട്രയ്ക്ക് അനുമതി, കേരളത്തിനില്ല! കേന്ദ്രത്തിന്റെത് പക്ഷഭേദം

കളിയാവേശത്തെ കൊന്നെടുത്ത അനാസ്ഥ

ടി ട്വന്റി ലോകകപ്പ് കിരീടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുംബൈയില്‍ പര്യടനം നടത്തിയിട്ട് കാലമൊരുപാട് ആയിട്ടില്ല. ബെംഗളൂരുവില്‍ ഇപ്പോള്‍ തടിച്ചുകൂടിയവരുടെ നാലുമടങ്ങു ജനത അവിടെയുണ്ടായിരുന്നു. അത് അപകടത്തിലേക്കു നീങ്ങാതിരുന്നത് ആസൂത്രണത്തിന്റെ മികവുകൊണ്ടാണ്. ജൂണ്‍ 29ന് ആയിരുന്നു ഇന്ത്യയുടെ ലോകകപ്പ് വിജയം. ജൂലൈ നാലിന് ആയിരുന്നു വാംങ്കടെ സ്റ്റേഡിയത്തില്‍ സ്വീകരണം. ആസൂത്രണത്തിന് അഞ്ചുദിവസം ധാരാളമായി കിട്ടി. ബെംഗളൂരുവില്‍ 24 മണിക്കൂര്‍ തികയും മുന്‍പായിരുന്നു സ്വീകരണവും ആഘോഷവും. ഉച്ചയ്ക്കു മൂന്നുമണിക്കു തന്നെ അരലക്ഷം ആളുകള്‍ ഇരച്ചെത്തിയപ്പോള്‍ എന്തുചെയ്യണം എന്നറിയാതെ പൊലീസ് പരക്കം പാഞ്ഞു. നാലരയായപ്പോഴേക്കും ജനക്കൂട്ടം രണ്ടുലക്ഷമായി. അപ്പോള്‍ പോലും ചിന്നസ്വാമി സ്റ്റേഡിയത്തിലെ പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ആ സമയത്ത് വിധാന്‍ സൗധയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ താരങ്ങളെ ആദരിക്കുകയായിരുന്നു. ഈ ചടങ്ങ് നടക്കുന്നതിനിടെയാണ് സ്റ്റേഡിയത്തിലെ പരിപാടിക്ക് അനുമതി നല്‍കിയതുപോലും. അരമണിക്കൂറിനു ശേഷം നടക്കേണ്ട പരിപാടിക്ക് എന്തു മാനദണ്ഡം പരിശോധിച്ചാണ് അപ്പോള്‍ അനുമതി നല്‍കിയത്? ആ വലിയ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചേ മതിയാകൂ. അനുമതി ലഭിക്കും മുന്‍പ് പരിപാടി പ്രഖ്യാപിച്ച ആര്‍സിബി തന്നെയാണ് ആദ്യത്തെ കുറ്റക്കാര്‍. ഇഷ്ടക്കാരെ മുന്നിലെത്തിച്ച് മറ്റുള്ളവരെ തിക്കാനും തിരക്കാനും വിട്ട സംഘാടകരാണ് ഈ ദുരന്തം വിളിച്ചുവരുത്തിയത്.

ഒരു ന്യായീകരണവും ഇല്ലാത്ത ദുരന്തം

ഇന്ത്യയിലെങ്ങുമുള്ള വിരാട് കോഹ്‌ലിയുടെ ആരാധകര്‍ക്കും ബെംഗളൂരുവിലെ റോയല്‍ ചലഞ്ചേഴ്‌സ് ആരാധകര്‍ക്കും അതിയായ ആഹ്‌ളാദത്തിന്റെ ദിവസമായിരുന്നു ജൂണ്‍ മൂന്ന്. കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ എത്ര വൈകാരികമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സിനെ കൊണ്ടുനടക്കുന്നത് എന്ന് ഇവിടെ അനുഭവമുള്ളതാണ്. എത്ര തോറ്റു കളിച്ചാലും മഞ്ഞപ്പടയെക്കൊണ്ടു നിറയുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും കാണാറുള്ളതാണ്. മോശം പ്രകടനമുള്ള കാലത്തുപോലും കാല്‍ ലക്ഷം പേര്‍ സ്റ്റേഡിയത്തിലെത്തുന്നത് കണ്‍മുന്നില്‍ സംഭവിക്കുന്നതാണ്. അതുപോലെ 18 വര്‍ഷമായി കോഹ്‌ലിയുടെ ടീമിനായി തുടിക്കുന്ന ഹൃദയവുമായി സഞ്ചരിക്കുന്നവര്‍ ബെംഗളൂരുകാര്‍ മാത്രമല്ല. മലയാളികളും തെലുങ്കരും മറാത്തികളും ഡല്‍ഹിക്കാരുമെല്ലാമുണ്ട്. കോലി മാത്രമല്ല ഏബ്രഹാം ഡി വില്ല്യേഴ്‌സും ക്രിസ് ഗെയിലുമൊക്കെ ഇന്ത്യയിലെ ആരാധാകരുമായി കൂടുതല്‍ അടുത്തത് ബെംഗളൂരുവിനായി കളിച്ചപ്പോഴാണ്. ഇങ്ങ് കേരളത്തില്‍പ്പോലും എത്ര ആരാധകരാണ് കോഹ്‌ലിക്കും ബെംഗളൂരു പടയ്ക്കുമുള്ളത്. സഞ്ചു സാംസണും രാജസ്ഥാന്‍ റോയല്‍സും കഴിഞ്ഞാല്‍ കേരളത്തില്‍ ബെംഗളൂരുവും കോഹ്‌ലിയും എന്നാണ് സങ്കല്‍പ്പം. ഇത്ര വലിയ തിരക്കുണ്ടാകും എന്നറിയാന്‍ മുന്നനുഭവങ്ങള്‍ തന്നെ ധാരാളമായിരുന്നു. കിരീടം ഇല്ലാത്തപ്പോള്‍ പോലും വിരാട് കോഹ്‌ലി വരുന്നെന്നു കേട്ടാല്‍ ഇന്ത്യയിലെ ഏതു കോണിലും രണ്ടുലക്ഷംപേര്‍ തടിച്ചുകൂടും. സച്ചിന്‍ തെന്‍ഡുല്‍ക്കറും എംഎസ് ധോണിയും വിരാട് കോഹ്‌ലിയുമൊക്കെ ആ അത്യപൂര്‍വ ജനുസ്സിലുള്ള താരങ്ങളാണ്. അവര്‍ക്കുവേണ്ടി ഒരു ചടങ്ങ് ഒരുക്കുമ്പോള്‍ പാലിക്കേണ്ട കുറഞ്ഞ ചില മര്യാദകളെങ്കിലുമുണ്ട്.

സ്പോട്ട്ലൈറ്റ്
SPOTLIGHT | വയനാട് തുരങ്കപാത യാഥാര്‍ത്ഥ്യമാകുമ്പോള്‍

റദ്ദാക്കിയ തുറന്ന ബസിലെ പര്യടനം

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് ലാല്‍ജി ടണ്ടന്റെ പിറന്നാളിന് സൗജന്യമായി സാരി വിതരണം ചെയ്തപ്പോഴുണ്ടായ അപകടം രാജ്യം കണ്ടതാണ്. 24 സ്ത്രീകളാണ് ആ തിക്കിലും തിരക്കിലും കൊല്ലപ്പെട്ടത്. അതു രാജ്യത്തെ ദാരിദ്ര്യവും കഷ്ടപ്പാടും ചൂഷണം ചെയ്യുന്ന പരിപാടിയായിരുന്നു. ഇങ്ങനെ സൗജന്യ അരി വിതരണത്തിനും അന്നദാനത്തിനുമെല്ലാം വലിയ തിരക്കുണ്ടാവുകയും നിരവധി അപകടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇതിനപ്പുറം നവരാത്രി പോലുള്ള ആഘോഷങ്ങള്‍ക്കും കുംഭമേളകള്‍ക്കും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശബരിമലയിലെ മകരവിളക്കിനും അതു സംഭവിച്ചിട്ടുണ്ട്. അതൊക്കെ വിശ്വാസത്തിനൊപ്പം വൈകാരികമായിക്കൂടി ആളുകള്‍ സംഘടിക്കുമ്പോള്‍ ഉണ്ടാകുന്നതാണ്. അങ്ങനെയുള്ള ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം പൊലീസിനും സംഘാടകര്‍ക്കുമാണ്. മാനുവലില്‍ എഴുതിവച്ചിരിക്കുന്ന ചിട്ടകള്‍ പാലിക്കുന്നവരല്ല ഒരാള്‍ക്കൂട്ടവും. ഏറ്റവും മുന്നില്‍ നില്‍ക്കുന്നവര്‍ക്കു മുതല്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്കു വരെ ഒരാഗ്രഹമേയുള്ളു. കിരീടവുമായി നില്‍ക്കുന്ന കോഹ്‌ലിയെ അടുത്തുകാണുക. ഇനി വരുന്ന പതിറ്റാണ്ടുകളിലും പറഞ്ഞ് ആവേശം കൊള്ളാനുള്ള കാഴ്ചയാണത്. റോയല്‍ ചലഞ്ചേഴ്‌സ് ടീം ആദ്യം ആവശ്യപ്പെട്ടത് തുറന്ന ബസില്‍ താരങ്ങളുമായി പര്യടനം നടത്താനുള്ള അനുമതിയായിരുന്നു. അത് സര്‍ക്കാര്‍ നല്‍കിയില്ല. പിന്നീടാണ് സ്റ്റേഡിയത്തിലെ സ്വീകരണം ഒരുക്കുന്നത്.

സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടുന്ന സംവിധാനം

ഈ സ്വീകരണത്തിന് അനുമതി നല്‍കിയത് കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാകും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അപ്പോഴും സര്‍ക്കാര്‍ ആദ്യം മുന്‍ഗണന കൊടുക്കേണ്ടത് പാവങ്ങളുടെ ജീവനായിരുന്നു. അപകടമാകും എന്നറിഞ്ഞാല്‍ അങ്ങനെയൊരു ചടങ്ങ് നടത്താന്‍ അനുവദിക്കാമോ? ആ സംശയംകൊണ്ടല്ലേ അതുവരെ അനുമതി നല്‍കാതിരുന്നത്. കേരളത്തിലൊക്കെ വേടന്‍ എന്ന പേര് സാമാന്യ ജനം കേള്‍ക്കുന്നത് ഇപ്പോഴായിരിക്കും. പക്ഷേ, അതിനും എത്രയോ മുന്‍പു തന്നെ വേടന്റെ ഒരു പരിപാടി കാണാനായി തിക്കിത്തിരക്കി ആയിരങ്ങള്‍ എത്തുന്നുണ്ടായിരുന്നു. നമ്മുടെ ഈ സമൂഹത്തില്‍ തന്നെ അങ്ങനെ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാന്‍ കഴിയുന്ന നിരവധി ധാരകളുണ്ട്. പതിനായിരങ്ങള്‍ വരുമ്പോള്‍ അവരെക്കൂടി തിക്കിത്തിരക്കാന്‍ അനുവദിക്കുകയല്ല വേണ്ടത്. പരിപാടി റദ്ദാക്കുകയാണ് ചെയ്യേണ്ടത്. കേരളത്തില്‍ തന്നെ സമീപകാലത്ത് ഇങ്ങനെ എത്ര പരിപാടികള്‍ റദ്ദാക്കിയിരിക്കുന്നു. അതിനു കാരണം നമുക്കുള്ള ദുരനുഭവങ്ങളാണ്. കൊച്ചി സര്‍വകലാശാലയിലെ സംഗീത നിശയിലുണ്ടായ അപകടമാണ് ഇവിടെ നടപടികള്‍ കര്‍ശനമാക്കാന്‍ കാരണം. അന്ന് പൊലീസിന്റെ അനുമതി ഇല്ലാതെ പരിപാടി നടത്തിയ സംഘാടകര്‍ക്കു തന്നെയായിരുന്നു വീഴ്ച. ബെംഗളൂരുവില്‍ അവസാന നിമിഷം സംഘടിപ്പിച്ചെടുത്തതാണ് അനുമതി. അതുതന്നെയാണ് ഇതിലെ ക്രിമിനല്‍കുറ്റവും. ഇത്തരം അക്ഷന്തവ്യമായ തെറ്റുകള്‍ക്ക് വിചാരണയും ശിക്ഷയും ഉണ്ടാവുക തന്നെ വേണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com