ബെംഗളൂരു: കർണാടക ചിത്രദുർഗിൽ ബസിന് തീപിടിച്ച് 11ലേറെ പേർ മരിച്ചു. ബസ് ട്രക്കുമായി ഇടിച്ചാണ് തീ പിടിച്ചത്. 32 പേരുമായി ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. സീ ബേർഡ് എന്ന സ്വകാര്യകമ്പനിയുടെ ബസായിരുന്നു. മറുവശത്ത് നിന്ന് വന്ന ട്രക്ക് ഡിവൈഡർ മറികടന്ന് ബസിൽ ഇടിക്കുകയായിരുന്നു. പിന്നാലെ ബസിന് തീപിടിക്കുകയുമായിരുന്നു
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ഹിരിയൂരിലെയും ചിത്രദുർഗയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. അതേസമയം, നോർത്ത് ഈസ്റ്റേൺ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജിപി) ബി.ആർ. രവികാന്തെ ഗൗഡ, ചിത്രദുർഗ പൊലീസ് സൂപ്രണ്ട് (എസ്പി) രഞ്ജിത്ത് കുമാർ ബന്ദാരു എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
അപകടം ലോറി ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിവൈഡർ കടന്ന് ലോറി ബസിൽ ഇടിച്ചുകയറി തീപിടുത്തമുണ്ടാകുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.