
മംഗലാപുരം: കർണാടകയിലെ ധർമസ്ഥലയിലെ കൂട്ടക്കൊല വെളിപ്പെടുത്തലിൽ ദുരൂഹത നീക്കാൻ ശ്രമം തുടർന്ന് പ്രത്യേക അന്വേഷണ സംഘം. ശേഷിക്കുന്ന എട്ട് പോയിന്റുകളിൽ എസ്ഐടിയുടെ നേതൃത്വത്തിൽ ഇന്നും തെരച്ചിൽ തുടരും.
മാർക്ക് ചെയ്ത 13 പോയിൻ്റുകളിലും കുഴിയെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എസ്ഐടി നടത്തിയ പരിശോധന വിഫലമായി. നിലം ആഴത്തിൽ കുഴിച്ചുള്ള പരിശോധനയിൽ മൃതദേഹ അവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ല.
അഞ്ച് പോയിന്റുകളിലാണ് ഇതുവരെ കുഴിയെടുത്ത് പരിശോധന നടത്തിയത്. നേത്രാവതി പുഴയുടെ തീരത്തിന് സമീപത്തെ കുന്നിന്‍ മുകളിലാണ് ഇന്ന് കുഴിച്ചുള്ള പരിശോധന നടത്തിയത്. ഇന്ന് നാലു പോയിന്റുകളില്‍ മൂന്നടി താഴ്ചയില്‍ പരിശോധിച്ചെങ്കിലും ഒരു തെളിവും ലഭിച്ചില്ല.
കുന്നിന്‍ മുകളിലെ പരിശോധനയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കുമെന്നാണ് സാക്ഷി അന്വേഷണ സംഘത്തോട് പറഞ്ഞത്. ഡിജിപി പ്രണബ് മൊഹന്തിയും ഡിഐജി അനുഛേതും സ്ഥലം സന്ദര്‍ശിച്ചു.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഒന്നും പറയാനാകില്ലെന്നും സന്ദര്‍ശന ശേഷം ഡിജിപി പറഞ്ഞു. ഇതുവരെ പരിശോധിച്ച അഞ്ച് സ്ഥലങ്ങളിലും ഒന്നും കണ്ടെത്താൻ ആയില്ലെങ്കിലും 13 പോയിൻ്റുകളിലും പരിശോധിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.