കറാച്ചി: പാകിസ്ഥാൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്നുള്ള ക്രൂരമായ ദുരഭിമാനകൊലപാതകത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. ദമ്പതികളെ മരുഭൂമിയിലെത്തിച്ച് ഒരുകൂട്ടം ആളുകൾ വെടിവെച്ച് കൊല്ലുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ 14 പേരെ പൊലീസ് അറസറ്റ് ചെയ്തിട്ടുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ്.
മൂന്ന് ദിവസം മുൻപാണ് അതിക്രൂര കൊലപാതകം നടക്കുന്നത്. ഇൽസാനുള്ള, ബാനോ ബീബി എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബങ്ങളെ അവഗണിച്ച് വിവാഹം കഴിച്ചെന്നതായിരുന്നു ഇവർ ചെയ്ത കുറ്റം. ഇരുവരെയും മരുഭൂമിയിലെത്തിച്ചായിരുന്നു കൊലാപതകം. വീഡിയോയിൽ ഒരു കൂട്ടം ആളുകൾ എസ്‌യുവിയിലും പിക്കപ്പ് ട്രക്കുകളിലും എത്തുന്നതായി കാണാം. ഇവിടെ നിന്നും ദമ്പതികളെ പുറത്തിറക്കുന്നു.
തുടർന്ന് സ്ത്രീക്ക് ഒരാൾ ഖുർആൻ്റെ പകർപ്പ് നൽകുന്നുണ്ട്. പിന്നാലെ എന്നോടൊപ്പം ഏഴ് ചുവടുകൾ നടന്ന ശേഷം എന്നെ വെടിവെച്ചോളൂ എന്ന് യുവതി പറയുന്നു. അൽപം നടന്ന ശേഷം യുവതി പറയുന്നതിങ്ങനെയാണ് "നിങ്ങൾക്കെന്നെ കൊല്ലാൻ മാത്രമേ സാധിക്കൂ, മറ്റൊന്നും സാധിക്കില്ല". ശേഷം യുവതിക്ക് നേരെ ഒരാൾ വെടിയുതിർക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഒന്നിലധികം തവണ നിഷ്കരുണം വെടിയുതിർക്കുകയാണ് അയാൾ. പിന്നാലെ യുവതി ചേതനയറ്റ് നിലത്തുവീഴുന്നതായും കാണാം.
വീഡിയോയിൽ വീണ്ടും തുടർച്ചയായ വെടിയൊച്ചകൾ കേൾക്കുന്നുണ്ട്. സ്ത്രീയുടെ മൃതദേഹത്തിന് സമീപം രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒരു പുരുഷൻ്റെ ശരീരവും കാണാം. കൊലപാതകത്തിന് ശേഷം ജനക്കൂട്ടം ആർപ്പുവിളിക്കുകയും ചെയ്യുന്നുണ്ട്.
2025 മെയ് മാസത്തിലെ ഈദ് അൽ-അദ്ഹയ്ക്ക് മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. വീഡിയോ വൈറലായതോടെ, രാജ്യത്തിനകത്തും പുറത്തും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു. പിന്നാലെയാണ് പൊലീസ് 14 പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ ഗോത്രനേതാവും സ്ത്രീയുടെ സഹോദരനും ഉൾപ്പെട്ടതായി പൊലീസ് മേധാവി നവീദ് അക്തർ പറയുന്നു.
അതേസമയം പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷന്റെ (എച്ച്ആർസിപി) കണക്കുകൾ പ്രകാരം, 2024 ൽ രാജ്യത്ത് കുറഞ്ഞത് 405 ദുരഭിമാന കൊലപാതകങ്ങളെങ്കിലും പാകിസ്ഥാനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരഭിമാന കൊലപാതകകേസുകൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ യഥാർഥത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നും ആക്ടിവിസ്റ്റുകൾ കണക്കാക്കുന്നു.