

ബംഗളൂരു: കർണാടകയിൽ നേതൃമാറ്റം ആസന്നമായിരിക്കെ മുഖ്യമന്ത്രി സിദ്ധരാമയ്യ സംഘടിപ്പിച്ച പ്രഭാത ഭക്ഷണ വിരുന്നിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയുടെ കാൽ തൊട്ട് വന്ദിച്ചു. പുതിയ പദവി ഏറ്റെടുക്കുന്നതിന് മുൻപ് ഡി.കെ അനുഗ്രഹം തേടിയതാണെന്നും റിപ്പോർട്ട് പുറത്തു വരുന്നുണ്ട് . ഇന്ന് രാവിലെയാണ് ബംഗളൂരുവിലെ ഔദ്യോഗിക വസതിയിൽ സിദ്ധരാമയ്യ വിരുന്ന് സംഘടിപ്പിച്ചത്.
വിരുന്നിൽ മന്ത്രിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും പങ്കെടുത്തു. കർണാടകയിൽ നേതൃമാറ്റം നടക്കുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് സൂചന നൽകിയതിനെ തുടർന്ന് ഗവർണർ തവാർചന്ദ് ഗെഹ്‌ലോട്ടുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ശിവകുമാറിന് വേണ്ടി വഴിമാറണമെന്ന് സിദ്ധരാമയ്യയോട് ഹൈക്കമാൻഡ് നിർദേശിച്ചതായാണ് വിവരം.
എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല. ഗവർണറെ കണ്ട് സിദ്ധരാമയ്യ ഇന്ന് രാജിക്കത്ത് നൽകാനായിരുന്നു നീക്കം. എന്നാൽ ഗവർണർ സ്വകാര്യ ആവശ്യത്തിനായി മുംബൈയിലേക്ക് പോയിയെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ നൽകുന്ന സൂചന.
ഇതിനിടെ കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് പകരമായി കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ട് വച്ച രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നിരസിച്ചതായും റിപ്പോർട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാൻ തനിക്ക് താൽപ്പര്യമില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൂന്ന് വർഷമായി കർണാടക മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. ഈ സ്ഥാനം ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കൈമാറാനാണ് ഹൈക്കമാൻഡ് നിർദ്ദേശം.