ചെന്നൈ; തമിഴകത്തെ ഞെട്ടിച്ച കരൂർ ദുരന്തത്തിന് പിറകെ തമിഴ് വെട്രി കഴകം പ്രാദേശിക നേതാവ് ജീവനൊടുക്കി. ടിവികെ വിഴുപ്പുറം ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഡിഎംകെയ്ക്കെതിരായ ആത്മഹത്യാ കുറിപ്പും സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു. ദുരന്തത്തിന് കാരണം മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിയെന്ന് കുറിപ്പിൽ ആരോപിക്കുന്നു.
കരൂരിലെ പരിപാടിക്ക് സുരക്ഷ ഒരുക്കാതിരുന്നത് സെന്തിൽ ബാലാജിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു. ദുരന്തത്തിന്റെ വാർത്തകളിൽ അയ്യപ്പൻ അസ്വസ്ഥനായിരുന്നതായി കുടുംബം പറഞ്ഞു. ഇയാളുടെ ഫോൺ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. കൂലിപ്പണിക്കാരനായ അയ്യപ്പൻ മുമ്പ് വിജയ് ഫാൻസ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു.
അതേ സമയം കരൂർ ദുരന്തത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത. ടിവികെ ജനറല്‍ സെക്രട്ടറി. ജോയിന്റ് സെക്രട്ടറി എന്നിവരെ ഉടൻ അറസ്റ്റ് ചെയ്തേക്കും. അറസ്റ്റിലായ ടിവികെ ജില്ലാ സെക്രട്ടറി മതിയഴകനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ഹേമ മാലിനിയുടെ അധ്യക്ഷതയിലുള്ള എട്ടംഗ സംഘവും ഇന്ന് കരൂരിൽ എത്തും. ദുരന്തത്തിന് പിന്നാലെ പൊതുപരിപാടികൾക്ക് നിയമാവലി തയ്യാറാക്കാൻ നടപടിയുമായി മുന്നോട്ടുപോകുകയാണ് തമിഴ്നാട് സർക്കാർ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)