

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മാതാപിതാക്കൾ ശകാരിച്ചതിന് പിന്നാലെ മൂന്ന് പെൺകുട്ടികൾ ഒൻപതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവായി അയൽവാസിയുടെ ദൃക്സാക്ഷി മൊഴി. സംഭവം കൂട്ടമായുള്ള ജീവനൊടുക്കൽ ശ്രമം അല്ലെന്നാണ് അരുൺ സിങ് എന്ന യുവാവ് വെളിപ്പെടുത്തുന്നത്.
തലേന്ന് രാത്രി ഉറങ്ങാൻ പോകുന്നതിന് ഭാരത് സിറ്റിയിലെ ഫ്ലാറ്റിലെ ബാൽക്കണിയിൽ വന്നതായിരുന്നു അരുൺ സിങ്. അപ്പോഴാണ് അകലെയുള്ള ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് ആരോ ചാടാൻ ശ്രമിക്കുന്നതായി കണ്ടത്. അകലെ നിന്നായതിനാൽ ആരാണെന്ന് വ്യക്തമായിരുന്നില്ല. ഇക്കാര്യം എൻ്റെ പങ്കാളിയോട് പറഞ്ഞപ്പോൾ, അത് എന്തെങ്കിലും കുടുംബ പ്രശ്നം ആയിരിക്കുമെന്നാണ് അവൾ പറഞ്ഞത്.
ചാടാൻ പോകുന്നത് സ്ത്രീയോ പുരുഷനോ എന്ന് മനസിലായില്ല. ആരോ ബാൽക്കണിയിൽ ചാടാൻ ശ്രമിക്കുമ്പോൾ പിന്നിൽ നിന്ന് ആരോ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാൻ കരുതി ആരുടെയോ ഭർത്താവ് കുടുംബ പ്രശ്നത്തെ തുടർന്ന് ചാടാൻ ശ്രമിക്കുമ്പോൾ ഭാര്യ തടയുകയാണെന്ന് ആയിരുന്നു. ചാടാൻ ശ്രമിക്കുന്ന ആളെ പിന്നാലെ വന്ന ഒരു ചെറിയ പെൺകുട്ടി തടയാൻ ശ്രമിച്ചിരുന്നു. ഞാൻ ഫോൺ എടുത്ത് വന്ന് സഹായത്തിനായി ആരെയെങ്കിലും വിളിക്കാൻ ശ്രമിക്കുമ്പോഴേക്ക് അവർ മൂന്ന് പേരും താഴേക്ക് വീണിരുന്നു.
അരുൺ സിങ് ഉടനെ തന്നെ താഴേക്ക് കുതിച്ചെത്തി പൊലീസിനെയും ആംബുലൻസിനേയും വിളിച്ചുവരുത്തി. എന്നാൽ ഒരു മണിക്കൂർ വൈകിയാണ് ആംബുലൻസ് എത്തിയതെന്ന് ദൃക്സാക്ഷി നിരാശയോടെ പ്രതികരിച്ചു. "പിസയും ബർഗറും പച്ചക്കറികളും 10 മിനിറ്റ് കൊണ്ട് ലഭിക്കുന്ന നാട്ടിൽ ഒരു ആംബുലൻസ് എത്താനെടുത്തത് ഒരു മണിക്കൂറാണ്," യുവാവ് എൻഡിടിവിയോട് പറഞ്ഞു.
ഗാസിയാബാദിലെ റെസിഡൻഷ്യൽ ഏരിയയായ ഭാരത് സിറ്റിയിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. പാഖി (12), പ്രാചി (14), വിഷിക (16) എന്നീ പെൺകുട്ടികളാണ് ബുധനാഴ്ച അർധരാത്രി രണ്ട് മണിക്ക് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്. കുളിയും ഭക്ഷണം കഴിക്കലും സ്കൂളിൽ പോക്കും മാത്രമല്ല എല്ലാ കാര്യങ്ങളും മൂവരും ഒന്നിച്ചാണ് ചെയ്തിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ കൊവിഡ് കാലം മുതൽ കുട്ടികൾക്ക് ഓൺലൈൻ ഗെയിമിനോട് കടുത്ത അഭിനിവേശം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊറിയൻ ടാസ്ക്ക് അധിഷ്ഠിത ഓൺലൈൻ ഗെയിമിനോടാണ് കുട്ടികൾ കൂടുതൽ താൽപ്പര്യം കാണിച്ചിരുന്നത്. ഓൺലൈൻ ഗെയിമിങ്ങിൽ പതിവായി കൂടുതൽ സമയം ചെലവഴിച്ചിരുന്നതിനാൽ തന്നെ കുട്ടികൾ കൃത്യമായി സ്കൂളിൽ പോലും പോയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. മൂത്ത പെൺകുട്ടിയായ വിഷിക പഠനത്തിലും പിന്നിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.