'ഡല്‍ഹിയിലെ പൊലീസ് നടപടിയില്‍ തകര്‍ന്നുപോയി'; പ്രതിഷേധവുമായി ബിആര്‍എസ് നേതാവ് കെ.ടി. രാമറാവു; ഇരട്ടത്താപ്പെന്ന് ബിജെപി

ബിആര്‍എസ് നേതാവിന്റെ പ്രതിഷേധം കാപട്യവും ഇരട്ടത്താപ്പുമാണെന്ന് ബിജെപി
കെ.ടി. രാമറാവു
കെ.ടി. രാമറാവു
Published on
Updated on

ഡൽഹിയിൽ നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു. തെലങ്കാനയിലെ ധര്‍ണ ചൗക്കിലായിരുന്നു രാമറാവുവിന്റെ പ്രതിഷേധം. ജന്തർ മന്തറിൽ വിദ്യാർഥികളെ തല്ലിച്ചതച്ച പൊലീസ് നടപടിയെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍, ബിആര്‍എസ് നേതാവിന്റെ പ്രതിഷേധം കാപട്യവും ഇരട്ടത്താപ്പുമാണെന്ന് ബിജെപി വിമര്‍ശിച്ചു.

ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിനുള്ള പിന്തുണയുടെ ഭാഗമായാണ് ധര്‍ണയില്‍ പങ്കെടുത്തതെന്ന് രാമറാവു പറഞ്ഞു. രണ്ട് കുട്ടികളുടെ പിതാവെന്ന നിലയില്‍ ഡല്‍ഹിയിലെ പൊലീസ് നടപടി കണ്ട് തകര്‍ന്നുപോയി. രാജ്യത്തെ യുവാക്കളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക എന്നതല്ലാതെ പ്രതിഷേധത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു രാമറാവുവും പ്രതിഷേധത്തില്‍ പങ്കെടുത്തത്.

കെ.ടി. രാമറാവു
സമരത്തില്‍ ഉലഞ്ഞ് കേന്ദ്രം; എൻടിഎ ഉടച്ചുവാര്‍ക്കുന്നു, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

അതേസമയം, രാമറാവുവിന്റെ പ്രതിഷേധം കാപട്യവും ഇരട്ടത്താപ്പുമാണെന്ന് തെലങ്കാന ബിജെപി മേധാവി എന്‍. രാംചന്ദര്‍ റാവു ആരോപിച്ചു. ധര്‍ണ ചൗക്കില്‍ പ്രതിഷേധം നടത്താന്‍ ബിആര്‍എസ് നേതാവിന് ധാര്‍മികമായ യാതൊരു അവകാശവുമില്ല. അദ്ദേഹത്തിന്റെ പിതാവും പാര്‍ട്ടിയും ധര്‍ണ ചൗക്ക് തന്നെ നീക്കാന്‍ താല്‍പ്പര്യപ്പെട്ടവരാണ്. ആരും അവിടെ ധര്‍ണ നടത്തരുതെന്നാണ് അവര്‍ ആഗ്രഹിച്ചത്. ഇന്ന് അതേ മനുഷ്യന്‍ അവിടെ ധര്‍ണ നടത്തുന്നുവെന്നും രാംചന്ദര്‍ റാവു പരിഹസിച്ചു.

കെ.ടി. രാമറാവു
'പ്രധാന്‍, ക്രിമിനല്‍ മിനിസ്റ്റര്‍'; ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിച്ച്, യുവാക്കളുടെ ആവശ്യം നിറവേറ്റണമെന്ന് മോദിയോട് രാഹുല്‍

മാത്രമല്ല, ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണെങ്കില്‍, ടിപിഎസ്‌സിയുടെ ഗ്രൂപ്പ് 1 പ്രിലിമിനറി പരീക്ഷാ ചോര്‍ച്ചയ്ക്ക് ഉത്തരവാദി അദ്ദേഹത്തിന്റെ സര്‍ക്കാരാണെന്ന് രാം ചന്ദര്‍ ആരോപിച്ചു. പത്ത് വര്‍ഷത്തിനിടെ ഗ്രൂപ്പ് 1 നിയമനം നടത്തിയിട്ടില്ല. ഇന്റര്‍മീഡിയറ്റ് മാര്‍ക്ക് കുംഭകോണത്തില്‍പോലും 25ലധികം വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. ഈ വിദ്യാര്‍ഥികളോടൊന്നും ക്ഷമ ചോദിക്കാതെ, ഇന്ന് അദ്ദേഹം ധര്‍ണ നടത്തുകയാണെന്നും രാംചന്ദര്‍ റാവു വിമര്‍ശിച്ചു.

News Malayalam 24x7
newsmalayalam.com