

ഡൽഹി: ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പുസ്തകത്തെ ചൊല്ലി തുടർച്ചയായ മൂന്നാം ദിവസവും പാർലമെന്‍റ് പ്രക്ഷുബ്ധം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്. യു.എസുമായുള്ള വ്യാപാര കരാറും ഇന്ന് സഭയിൽ പ്രതിഷേധം അലയടിക്കാൻ കാരണമായി.
നരവനെയുടെ പുസ്തകവുമായാണ് രാഹുൽ സഭയിൽ എത്തിയത്. ഇത് വായിക്കാൻ അനുവദിക്കണം എന്ന് രാഹുൽ വീണ്ടും ആവശ്യപ്പെട്ടെങ്കിലും അനുവാദം ലഭിച്ചില്ല. രാഹുലിന്‍റെ പ്രസംഗത്തിന് രണ്ട് ദിവസം കാത്തുനിന്നെന്നും മറ്റുള്ളവർക്കും സംസാരിക്കണമെന്നായിരുന്നു പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞത്. ബഹളം കനത്തതോടെ ലോക്സഭ ഇടയ്ക്കിടെ നിർത്തിവച്ചു. ഇതോടെ വീണ്ടും സഭയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഒടുവിൽ രണ്ട് മണി വരെ ലോക്സഭ നിർത്തിവച്ചു.
അതേസമയം, നരവനെയുടെ പുസ്തകം മാധ്യമങ്ങൾക്കു മുന്നിൽ രാഹുൽ ഗാന്ധി പ്രദർശിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ എത്തിയാൽ ഈ പുസ്തകം നേരിട്ട് കൈയ്യിൽ കൊടുക്കാൻ തയ്യാറാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പുസ്തകം വിദേശത്ത് ലഭ്യമാണെന്നും ലഡാക്കിൽ ചൈന നടത്തിയ അധിനിവേശത്തെ കുറിച്ച് പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ടെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് കേന്ദ്ര സർക്കാർ പറയുന്ന പുസ്തകം ഇതാണെന്നും രാഹുൽ വ്യക്തമാക്കി. നരവനെയുടെ പുസ്തകം കൊണ്ട് രാഹുൽ ഗാന്ധി വീണ്ടും സഭയ്ക്ക് അകത്തേക്കാണ് കയറിപ്പോയത്.
"പ്രധാനമന്ത്രി ഇന്ന് ലോക്സഭയിൽ വരാൻ ധൈര്യപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. കാരണം അദ്ദേഹം വന്നാൽ ഞാൻ അദ്ദേഹത്തിന് ഈ പുസ്തകം നൽകും. പ്രധാനമന്ത്രി വന്നാൽ ഞാൻ നേരിട്ട് പോയി അദ്ദേഹത്തിന് ഈ പുസ്തകം കൈമാറും. അങ്ങനെ അദ്ദേഹത്തിന് ഇത് വായിക്കാനും രാജ്യത്തിന് സത്യം അറിയാനും കഴിയും. ഇന്ത്യയിലെ എല്ലാ ചെറുപ്പക്കാരും ഈ പുസ്തകം നിലവിലുണ്ടെന്ന് കാണണം. ഇത് മിസ്റ്റർ നരവാനെയുടെ പുസ്തകമാണ്. ഈ പുസ്തകത്തിൽ ലഡാക്കിനെക്കുറിച്ചുള്ള മുഴുവൻ വിവരണവും അദ്ദേഹം നൽകിയിട്ടുണ്ട്. എനിക്ക് ഈ പുസ്തകം ലോക്സഭയിൽ ഉദ്ധരിക്കാനാവില്ലെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്," രാഹുൽ പറഞ്ഞു.
"ചൈനീസ് ടാങ്കുകൾ കൈലാസ പർവതനിരയിൽ എത്തിയെന്ന് പറഞ്ഞപ്പോൾ നമ്മൾ എന്തുചെയ്യണമെന്ന് മുൻ കരസേനാ മേധാവി എം.എം. നരവനെ രാജ്‌നാഥ് സിംഗിനെ വിളിച്ച് ചോദിച്ചു. ആദ്യം രാജ്‌നാഥ് സിംഗ് അദ്ദേഹത്തോട് പ്രതികരിച്ചില്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ജയശങ്കർ ജി, എൻഎസ്‌എ എന്നിവരോട് അഭിപ്രായം തേടി. പക്ഷേ നരവനെക്ക് ഉചിതമായ മറുപടി ലഭിച്ചില്ല. തുടർന്ന് അദ്ദേഹം വീണ്ടും രാജ്‌നാഥ് സിങ്ങിനെ വിളിച്ചു. മുകളിലുള്ളവരോട് ചോദിക്കുമെന്ന് രാജ്‌നാഥ് സിംഗ് അദ്ദേഹത്തോട് പറഞ്ഞു. ചൈനീസ് സൈന്യം വന്നാൽ അനുവാദമില്ലാതെ നമുക്ക് നേരെ വെടിവയ്ക്കരുത് എന്നായിരുന്നു ഉന്നതങ്ങളിൽ നിന്നുള്ള മറുപടി," രാഹുൽ പറഞ്ഞു.
"നരവാനെ ജിയും നമ്മുടെ സൈന്യവും ചൈനീസ് ടാങ്കുകൾക്ക് നേരെ വെടിയുതിർക്കാൻ ആഗ്രഹിച്ചിരുന്നു. കാരണം അവർ നമ്മുടെ പ്രദേശത്ത് അതിക്രമിച്ചു കയറിയിരുന്നു. നരേന്ദ്ര മോദി "ഉചിതമായത് മാത്രം ചെയ്യൂ" എന്ന മറുപടിയാണ് നൽകിയത്. അതിനർത്ഥം നരേന്ദ്ര മോദി തൻ്റെ കടമകൾ നിറവേറ്റിയില്ല എന്നാണ്. "ഞാൻ ശരിക്കും ഒറ്റപ്പെട്ടതായി തോന്നി, മുഴുവൻ ഭരണകൂടവും എന്നെ ഉപേക്ഷിച്ചതായി തോന്നി" എന്നാണ് മുൻ കരസേനാ മേധാവി എം.എം. നരവനെ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്," രാഹുൽ ഗാന്ധി പറഞ്ഞു.