

ഡൽഹി: ലഡാക്കിൽ ഇന്ത്യൻ ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്തെന്ന മുൻ കരസേനാ മേധാവിയുടെ വെളിപ്പെടുത്തൽ ലോക്സഭയിൽ ഉന്നയിച്ചതോടെ രാഹുൽ ഗാന്ധിയും ഭരണപക്ഷവും തമ്മിൽ ഏറ്റുമുട്ടൽ. മുൻ കരസേനാ മേധാവി എം.എം. നരവനയെ പുസ്തകം പ്രസിദ്ധീകരിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചില്ലെന്നും ഗുരുതര പ്രശ്നമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രകാശനം ചെയ്യാത്ത പുസ്തകം വായിക്കാൻ പറ്റില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ആധികാരികമല്ലാത്ത രേഖകൾ ഉദ്ധരിക്കാൻ പറ്റില്ലെന്നും കേന്ദ്രമന്ത്രിമാർ പറഞ്ഞു. 2020 മെയ് 5ന് ലഡാക്കിൽ ഇന്ത്യ-ചൈന സൈനികർ നേർക്കുനേർ എതിരിട്ട സംഭവത്തെ കുറിച്ചാണ് നരവനയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' (FOUR STARS OF DESTINY) എന്ന പുസ്തകം.
ഇതേ കുറിച്ച് കാരവാൻ മാഗസിനിൽ വന്ന ലേഖനം വായിക്കാനാണ് രാഹുൽ ശ്രമിച്ചത്. സംഘർഷ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ല എന്ന ആരോപണം, സർക്കാരിനെ വെട്ടിലാക്കുമെന്ന് ഉറപ്പായതോടെയാണ് കേന്ദ്ര മന്ത്രിമാർ കൂട്ടത്തോടെ രംഗത്തെത്തിയത്.
അതേസമയം, കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെൻ്റിന് പുറത്ത് പ്രതിഷേധിച്ചു. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയാണ് എംപിമാർ പ്രതിഷേധിച്ചത്.