

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, പൊതുപ്രവര്‍ത്തകര്‍ക്കും എതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന ലോക്‌പാല്‍ ആഡംബര കാറുകള്‍ വാങ്ങുന്നു. 70 ലക്ഷം വില വരുന്ന ബിഎംഡബ്ല്യു 3 സീരീസില്‍ പെട്ട കാറുകള്‍ വാങ്ങുന്നതിനായി ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. ഒന്നും രണ്ടുമല്ല, ഏഴ് കാറുകള്‍ വാങ്ങാനാണ് നീക്കം. മൊത്തം അഞ്ച് കോടി രൂപയോളമാണ് ചെലവാകുക. അഴിമതി വിരുദ്ധ സ്ഥാപനം ധൂര്‍ത്തിന്റെ മാതൃക സൃഷ്ടിക്കുകയാണെന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
ഒക്ടോബര്‍ 16നാണ് ടെണ്ടര്‍ നോട്ടീസ് പുറപ്പെടുവിച്ചതെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി വസന്ത് കുഞ്ജ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഏരിയയിലെ ലോക്‌പാല്‍ ഓഫീസിലേക്കാണ് കാറുകള്‍ ആവശ്യം. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി രണ്ട് ആഴ്ചയ്ക്കുള്ളില്‍ വാഹനങ്ങള്‍ ലഭ്യമാക്കണം, പരമാവധി സമയം 30 ദിവസം. ബിഎംഡബ്ല്യു 3 സീരീസ് 330 ലി കാറുകളാണ് വേണ്ടത്. വെള്ള നിറത്തിലുള്ള സ്പോര്‍ട് മോഡല്‍ (ലോങ് വീല്‍ബേസ്) ആണ് വേണ്ടത്. ചെയര്‍പേഴ്‌സണും ആറ് അംഗങ്ങളും ഉള്‍പ്പെടെ ഏഴ് പേര്‍ക്കായാണ് കാറുകള്‍. ടെണ്ടര്‍ ഉറപ്പിക്കുന്ന സ്ഥാപനം ലോക്‌പാല്‍ ഡ്രൈവര്‍മാര്‍ക്കും, മറ്റ് നിയുക്ത ജീവനക്കാര്‍ക്കും സമഗ്ര പരിശീലനം നല്‍കണം. പുതിയ ബിഎംഡബ്ല്യുകളുടെ സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനാണ് പരിശീലനം. ഏഴ് ദിവസത്തെ പരിശീലനമാണ് നല്‍കേണ്ടത്. വാഹനം ലഭ്യമാക്കി 15 ദിവസത്തിനുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കണം എന്നിങ്ങനെയാണ് ടെണ്ടറിലെ വ്യവസ്ഥകള്‍.
ലോങ് വീല്‍ബേസുള്ള ബിഎംഡബ്ല്യു 3 സീരീസ് ഈ വര്‍ഷം ആദ്യമാണ് ഇന്ത്യയില്‍ പുറത്തിറങ്ങിയത്. ഏകദേശം 70 ലക്ഷം രൂപയാണ് കാറിന്റെ ഓണ്‍-റോഡ് വില. ഏഴ് കാറുകള്‍ വാങ്ങുമ്പോള്‍ അഞ്ച് കോടി രൂപയോളമാകും ചെലവാകുക. അഴിമതി വിരുദ്ധ സംവിധാനം അഞ്ച് കോടി രൂപ മുടക്കി കാറുകള്‍ വാങ്ങുന്നത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
"കാലങ്ങളോളം ആരെയും നിയമിക്കാതെ ഒഴിച്ചിട്ടുകൊണ്ടും, പിന്നീട് അഴിമതിയില്‍ വിഷമിക്കാത്തവരും തങ്ങളുടെ ആഡംബരങ്ങളില്‍ സന്തുഷ്ടരുമായ ദാസന്മാരെ നിയമിച്ചുംകൊണ്ട് മോദി സര്‍ക്കാര്‍ ലോക്‌പാലിനെ തവിടുപൊടിയാക്കി. അവരിപ്പോള്‍ അവര്‍ക്കായി 70 ലക്ഷത്തിന്റെ ബിഎംഡബ്ല്യു കാറുകള്‍ വാങ്ങുന്നു" -എന്നാണ് പ്രശാന്ത് ഭൂഷണ്‍ എക്സില്‍ വിമര്‍ശിച്ചത്.
കടുത്ത ഭാഷയില്‍ പരിഹസിക്കുന്നവരുമുണ്ട്. മേക്ക് ഇന്ത്യ സങ്കല്‍പ്പം പ്രോത്സാഹിപ്പിക്കുന്നതിനായി ലോക്‌പാല്‍ ഏഴ് ബിഎംഡബ്ല്യു കാറുകള്‍ വാങ്ങുന്നു. അവര്‍ 70 ലക്ഷത്തിന്റെ കാറാണ് വാങ്ങുന്നത്. വേണമെങ്കില്‍ അവര്‍ക്ക് 12 കോടിയുടെ റോള്‍സ് റോയ്സ് വാങ്ങാം. പക്ഷേ, അവരത് ചെയ്യാത്തത് അവര്‍ അത്രയും എളിയവരായിട്ടാണ്. അതുകൊണ്ടാണ് അവര്‍ ബിഎംഡബ്ല്യു വാങ്ങുന്നതെന്നാണ് മറ്റൊരു കുറിപ്പ്.
രാജ്യത്തെ അഴിമതി വിരുദ്ധ സംവിധാനമാണ് ലോക്‌പാല്‍. 2013ലെ ലോക്‌പാല്‍, ലോകായുക്ത നിയമപ്രകാരമാണ് ലോക്‌പാല്‍ ഓഫ് ഇന്ത്യ സ്ഥാപിതമാകുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, പൊതുപ്രവര്‍ത്തകര്‍ക്കുമെതിരായ അഴിമതി ആരോപണങ്ങളാണ് ലോക്‌പാല്‍ അന്വേഷിക്കുന്നത്. സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കറാണ് നിലവില്‍ ലോക്‌പാല്‍ ചെയര്‍പേഴ്‌സണ്‍. മൂന്ന് ജുഡീഷ്യല്‍ അംഗങ്ങള്‍ ഉള്‍പ്പെടെ ആകെ ഏഴ് അംഗങ്ങളാണുള്ളത്. ചെയര്‍പേഴ്സണിന്റെ ശമ്പളവും അലവന്‍സും മറ്റു സേവന വ്യവസ്ഥകളും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റേതിന് തുല്യമാണ്. അംഗങ്ങളുടെ ശമ്പളവും അലവന്‍സും മറ്റു സേവന വ്യവസ്ഥകളും സുപ്രീം കോടതി ജഡ്ജിയുടേതിനും തുല്യമാണ്.