ഗോവ: 25 പേരുടെ മരണത്തിനിടയാക്കിയ നിശാക്ലബ് തീപിടിത്തവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം തേടി ലൂത്ര സഹോദരൻമാർ. തീപിടിത്തമുണ്ടായ 'ബൈ റോമിയോ ലെയ്ൻ' എന്ന നിശാക്ലബ് ഉടമകളായ സൗരഭ് ലുത്രയും ഗൗരവ് ലുത്രയുമാണ് ജാമ്യം തേടി ഡൽഹി രോഹിണി കോടതിയെ സമീപിച്ചത്. ലൂത്ര സഹോദരൻമാരും മനുഷ്യരാണെന്നാണ് അഭിഭാഷകൻ ഡൽഹി കോടതിയിൽ പറഞ്ഞത്. ഇവർ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.
അപകടത്തിന് പിന്നാലെ രാജ്യം വിട്ട ഉടമകളെ തായ്‌ലാൻഡ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് സൗരഭ് ലുത്രയ്ക്കും ഗൗരവ് ലുത്രയ്ക്കും വേണ്ടി അഭിഭാഷകൻ തൻവീർ അഹമ്മദ് മിർ മുൻകൂർ ജാമ്യാപേക്ഷയുമായി രോഹിണി കോടതിയിലെത്തിയത്. തീപിടിത്തം ഉണ്ടായപ്പോൾ ഇരുവരും ആയിരം കിലോമീറ്ററിലധികം അകലെയായിരുന്നു. ഇവർ ബിസിനസുകാർ മാത്രമാണെന്നും, 5,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട ആളുകളല്ലെന്നും അഭിഭാഷകൻ രോഹിണി കോടതിയിൽ പറഞ്ഞു.
സംഭവം നടന്ന രാത്രിയിൽ അവർ രാജ്യം വിട്ടത് എങ്ങനെയാണ് ഇത്ര വലിയ കുറ്റകൃത്യമായി മാറിയതെന്ന വിചിത്രമായ ചോദ്യമാണ് അഭിഭാഷകൻ ഉന്നയിച്ചത്. ഇരുവരും അവിടെയെത്തി തീയിട്ടെന്ന തരത്തിലാണ് കുറ്റം ചുമത്തുന്നത്. അപകടം നടക്കുമ്പോൾ അവർ 1,000 കിലോമീറ്ററിലധികം അകലെയായിരുന്നു. ഇവരുടെ ഗോവയിലുള്ള സ്വത്തുക്കൾ ശരിയായ നോട്ടീസ് ഇല്ലാതെ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയെന്നും അഭിഭാഷകൻ അവകാശപ്പെട്ടു.
"അവർ നിശാക്ലബിൻ്റെ ലൈസൻസിൽ ഒപ്പിട്ടു എന്നത് ശരിയാണ്. പക്ഷേ അതിനർഥം അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളുടെയും ചുമതല വഹിച്ചിരുന്നു എന്നല്ല. നിയമം ഉടമ ഒപ്പിടണമെന്ന് ആവശ്യപ്പെടുന്നതിനാൽ മാത്രമാണ് അത് ചെയ്തത്. അവർക്ക് രാജ്യത്തുടനീളം 40ഓളം റെസ്റ്റോറന്റുകൾ ഉണ്ട്, പക്ഷേ അടുക്കളയിൽ എന്താണ് പാചകം ചെയ്യേണ്ടതെന്ന് അവർ തീരുമാനിക്കുന്നില്ല," അഭിഭാഷകൻ വാദിച്ചു.
അതേസമയം ഇരുവരെയും തായ്‌ലാൻഡ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗോവയിലെ അന്വേഷണ ഉദ്യോഗസ്ഥർ തായ് അതോറിറ്റിയുമായി ബന്ധപ്പെട്ട് തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലാവുന്നത്. ഇരുവരുടേയും പാസ്പോർട്ടുകൾ സസ്പെൻഡ് ചെയ്തതായി ഗോവ പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഗോവ നിശാക്ലബിൽ തീപിടിച്ച് 25 പേർ മരിച്ചത്. തീപിടിത്തത്തിന് പിന്നാലെ ഇരുവരും തായ്‌ലാൻഡിലേക്ക് കടക്കുകയായിരുന്നു. ഇരുവരെയും ഉടൻ ഇന്ത്യയിലേക്കെത്തിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ തായ്‌ലാൻഡിലേക്ക് പോകും.