അമിത് ഷാ, എം.കെ. സ്റ്റാലിന്‍
അമിത് ഷാ, എം.കെ. സ്റ്റാലിന്‍Source: ANI

ഇങ്ങനെയാണ് ഏകാധിപത്യം ആരംഭിക്കുന്നത്...വോട്ടുകള്‍ മോഷ്ടിച്ച്, എതിരാളികളെ നിശബ്‌ദരാക്കി, സംസ്ഥാനങ്ങളെ ഞെരിച്ച്; വിവാദ ബില്ലില്‍ എം.കെ. സ്റ്റാലിന്‍

ഭരണഘടനയെയും അതിന്റെ ജനാധിപത്യ അടിത്തറയെയും മലിനമാക്കാൻ ബിജെപി സർക്കാർ തീരുമാനിച്ചതായി എം.കെ. സ്റ്റാലിന്‍ ആരോപിച്ചു
Published on

ചെന്നൈ: കേന്ദ്ര സർക്കാരിന്റെ 130-ാം ഭരണഘടനാ ഭേദഗതി പരിഷ്കരണമല്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇന്ത്യയെ സ്വേച്ഛാധിപത്യമാക്കി മാറ്റാനുള്ള ഈ ശ്രമത്തിനെതിരെ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിക്കണമെന്ന് സ്റ്റാലിന്‍ ആഹ്വാനം ചെയ്തു.

"സ്വേച്ഛാധിപത്യങ്ങൾ ആരംഭിക്കുന്നത് ഇങ്ങനെയാണ്: വോട്ടുകൾ മോഷ്ടിച്ച്, എതിരാളികളെ നിശബ്ദമാക്കി, സംസ്ഥാനങ്ങളെ ഞെരിച്ച്," സ്റ്റാലിന്‍ എക്സില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ കീഴിൽ ഇന്ത്യയെ സ്വേച്ഛാധിപത്യമാക്കി മാറ്റുന്നതിലൂടെ ഭരണഘടനയെയും അതിന്റെ ജനാധിപത്യ അടിത്തറയെയും മലിനമാക്കാൻ കേന്ദ്രത്തിലുള്ള ബിജെപി സർക്കാർ തീരുമാനിച്ചതായി എം.കെ. സ്റ്റാലിന്‍ ആരോപിച്ചു. വഞ്ചനയിലൂടെ ജനങ്ങളുടെ ജനവിധി മോഷ്ടിച്ച ബിജെപി ഇപ്പോൾ 'വോട്ട് കൊള്ള' ആരോപണങ്ങളില്‍ നിന്ന് പൊതുജനശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. അതിനായിട്ടാണ് 130-ാം ഭരണഘടനാ ഭേദഗതി ബിൽ കൊണ്ടുവന്നതെന്നും സ്റ്റാലിന്‍‌ ആരോപിച്ചു.

അമിത് ഷാ, എം.കെ. സ്റ്റാലിന്‍
"ഇത് സമാന്യബുദ്ധിയുടെ കാര്യം"; അറസ്റ്റിലായ മന്ത്രിമാരെ പുറത്താക്കുന്ന വിവാദ ബില്ലിൽ കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂർ

"ഈ ബില്ലിന്റെ പദ്ധതി വ്യക്തമാണ്. സംസ്ഥാനങ്ങളിലുടനീളം അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ എതിരാളികൾക്കെതിരെ കള്ളക്കേസുകൾ ചുമത്താനും 30 ദിവസത്തെ അറസ്റ്റ് പോലും ഒരു തെരഞ്ഞെടുക്കപ്പെട്ട നേതാവിനെ പുറത്താക്കാനുള്ള കാരണമായി കണക്കാക്കുന്ന വ്യവസ്ഥകൾ ദുരുപയോഗം ചെയ്തുകൊണ്ട് അവരെ പുറത്താക്കാനും ഇത് ബിജെപിയെ അനുവദിക്കുന്നു. ഒരു കുറ്റം വെറും കേസ് രജിസ്റ്റർ ചെയ്തുകൊണ്ടല്ല, വിചാരണയ്ക്ക് ശേഷമാണ് തീരുമാനിക്കുന്നത് എന്നതിനാൽ ഈ ഭരണഘടനാ വിരുദ്ധ ഭേദഗതി തീർച്ചയായും കോടതികൾ റദ്ദാക്കും," സ്റ്റാലിന്‍ കുറിച്ചു. ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ ഭയപ്പെടുത്താനുള്ള ദുഷ്ട ശ്രമമാണിത്. വളർന്നുവരുന്ന ഏകാധിപതിയുടെ ആദ്യ നീക്കം എതിരാളികളെ അറസ്റ്റ് ചെയ്യാനും അധികാരത്തിൽ നിന്ന് അവരെ നീക്കം ചെയ്യാനായി സ്വയം അധികാരങ്ങള്‍ ഏറ്റെടുക്കുകയാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേർത്തു.

അമിത് ഷാ, എം.കെ. സ്റ്റാലിന്‍
''ഒരു അസാധാരണ ഹസ്തദാനം''; ബിജെപി എംപിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

പ്രതിപക്ഷ ബഹളത്തിന് ഇടയിലാണ്, ഗുരുതര കുറ്റകൃത്യങ്ങളിൽ തുടർച്ചയായി 30 ദിവസം ജയിലിലാകുന്ന ജനപ്രതിനിധികളെ പദവിയിൽ നിന്ന് നീക്കാനുള്ള ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. അഞ്ചുവർഷമോ അതിലധികമോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ 30 ദിവസം ജയിലിൽ കഴിയേണ്ടി വന്നാൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഭരണഘടനാ ഭേദ​ഗതിയാണ് അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത്.

പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവർക്കെല്ലാം നിർദിഷ്ട നിയമം ബാധകമാകും. പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായ പ്രതിഷേധം സഭയിൽ ഉയർത്തി. ഭരണഘടനാ മൂല്യങ്ങളെയും ഫെഡറലിസത്തെയും അട്ടിമറിക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. പ്രതിപക്ഷ എംപിമാ‍ർ ബില്ലിൻ്റെ പക‍ർപ്പുകൾ അമിത് ഷായ്ക്കു നേ‍ർക്ക് കീറിയെറിഞ്ഞ് മുദ്രാവക്യം മുഴക്കി.

News Malayalam 24x7
newsmalayalam.com