ഉത്തരേന്ത്യയിൽ കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതിന് പിന്നാലെ കേരളത്തിലും പരിശോധനകൾ കർശനമാക്കിയിരുന്നു. മരണത്തിന് കാരണമായെന്ന് കരുതുന്ന മരുന്നിന്റെ ബാച്ച് സംസ്ഥാനത്ത് എത്തിയിട്ടില്ലെന്നാണ് പരിശോധനകളിൽ നിന്ന് ലഭിച്ച വിവരം. ഏതായാലും സംസ്ഥാനത്ത് 2 വയസിൽ താഴെയുള്ള കുട്ടികൾക്കായി ചുമ മരുന്ന് കൊടുക്കരുതെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. മധ്യപ്രദേശിലും രാജസ്ഥാനിലും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കോള്‍ഡ്‌റിഫ് കഫ് സിറപ്പ് കഴിച്ചാണ് 11 കുഞ്ഞുങ്ങള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഫ് സിറപ്പുകൾ, പനി മരുന്നുകൾ, എന്നിവ ഉപയോഗിക്കുന്ന കാര്യത്തിലുള്ള ശ്രദ്ധയില്ലായ്മയാണ് അപകടം ക്ഷണിച്ച് വരുത്തുന്നത്. ചെറിയൊരു പനിയോ, ചുമയോ വന്നാൽ സ്വന്തം നിലയ്ക്ക് തന്നെ ഗുളികളും, കഫ് സിറപ്പുകളും പരീക്ഷിക്കുന്നവരാണ് അധികവും. കഴിക്കുന്ന മരുന്നിന് ആളുകളുടെ പ്രായം, മറ്റ് ശാരീരികാവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട് മാറ്റങ്ങൾ വരാമെന്ന സാമാന്യധാരണപോലും പലർക്കും ഇല്ല.
മരുന്നുകളെ കുറിച്ചോ അതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചോ എല്ലാവർക്കും അറിവുണ്ടായിരിക്കില്ല. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുമാര്‍, ന്യൂട്രീഷ്യനിസ്റ്റുമാര്‍ തുടങ്ങിയവർക്കാകും ഇക്കാര്യത്തിൽ സഹായിക്കാനാകുക. മരുന്നുകള്‍ സ്വയം തെരഞ്ഞെടുക്കാനുള്ളതല്ലെന്ന ബോധം ആദ്യം ഉണ്ടാകുക. ആരോഗ്യപ്രശ്നങ്ങൾക്ക് ഡോക്ടർമാരെ കാണുക. അവരുടെ നിർദേശപ്രകാരം മരുന്നുകൾ വാങ്ങി ഉപയോഗിക്കുക.
കഫ് സിറപ്പുകൾ പലതരത്തിലുണ്ട്. ചിലത്, മധുരമുള്ളവ, സെഡേഷൻ ഉള്ളവ, അങ്ങനെ പലതരം. ആരോഗ്യമുള്ള ആളുകൾക്ക് പോലും അതായത് പ്രമേഹമോ, മറ്റ് പ്രശ്നങ്ങളോ ഇല്ലാത്ത ഒരാൾക്കു പോലും അവരുടെ ജോലി ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ചാകും കഫ് സിറപ്പ് നൽകുക. ഡ്രൈവർക്കോ, പെയിന്റ് പണി ചെയ്യുന്ന ആളുകൾക്കോ സെഡേഷൻ ഉള്ള മരുന്ന് നൽകില്ല.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളയാള്‍ക്ക് ഹൃദയമിടിപ്പ് വര്‍ധിപ്പിക്കാന്‍ കഴിയുന്ന സംയുക്തങ്ങള്‍ അടങ്ങിയ കഫ് സിറപ്പാകില്ല ഡോക്ടർ കുറിക്കുക. അതുപോലെ തന്നെ കുട്ടികൾക്കും, അവരുടെ പ്രായത്തിനനുസരിച്ചാകും മരുന്നുകൾ കുറിക്കുക. ഇക്കാര്യത്തിൽ സ്വയം തെരഞ്ഞെടുപ്പ് അവസാനിപ്പിക്കുക. കഫ് സിറപ്പ് മാത്രമല്ല ഏത് മരുന്ന് ഉപയോഗിക്കാനും ഡോക്ടറുടെ നിർദേശം സ്വീകരിക്കുക.