

ഭോപ്പാൽ: മധ്യപ്രദേശിലെ വിഷമദ്യ ദുരന്തത്തിൽ 12 പേർക്ക് ദാരുണാന്ത്യം സംഭവിച്ചതായി റിപ്പോർട്ട്. സാഗർ ജില്ലയിലെ ഗൂഗര, നൗരാജ്, ബരാജ് തുടങ്ങിയ ഗ്രാമങ്ങളിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാത്രി മദ്യം കഴിച്ചതിന് പിന്നാലെ നിരവധിപേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. പത്തോളം പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മദ്യം കഴിച്ചതിന് തൊട്ടുപിന്നാലെ ഇവരുടെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 12 പേരുടെ ജീവൻ രക്ഷിക്കാനായില്ല. മദ്യപിച്ചതിന് ശേഷം ഛർദ്ദി, തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവരോട് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ഭരണകൂടം അഭ്യർഥിച്ചു.
വിഷമദ്യ ദുരന്തമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂയെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്ന പ്രദേശങ്ങളിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വ്യാജമദ്യ വിതരണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
സാഗറിലെ വിഷമദ്യ മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഉത്തരവിട്ടു. ഉത്തരവാദികൾക്കെതിരെ സർക്കാർ സാധ്യമായ ഏറ്റവും കർശനമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ദുരിതബാധിത പ്രദേശം ഉടൻ സന്ദർശിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രോഗികളിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ മീഥൈൽ ആൽക്കഹോൾ വിഷബാധയുടെ സൂചന ആയിരിക്കാമെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ദേവേഷ് പട്ടേരിയ പറഞ്ഞു. എന്നിരുന്നാലും വിഷമദ്യ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിരവധി പേർ ചികിത്സയിൽ തുടരുന്നതിനാൽ കൂടുതൽ മരണങ്ങൾ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.