

കോഴിക്കോട്: ജമാ അത്തെ ഇസ്ലാമിയെ വെല്ലുവിളിച്ച് എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻ്റ് എ.പി. അബ്ദുൽ ഹക്കിം അസ്ഹരി. സ്ഥാപകനെ തള്ളിപ്പറയേണ്ട ഗതികേടിലാണ് ജമാ അത്തെ ഇസ്ലാമിയെന്നും ഖുറാൻ ദുർവ്യാഖ്യാനിച്ചത് എന്തടിസ്ഥാനത്തിൽ ആണെന്ന് അവർ പറയണമെന്നും എസ്.വൈ.എസ് സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.
ഇന്ന് ലോകത്ത് മുസ്ലീങ്ങൾ അനുഭവിക്കുന്ന സകല പ്രശ്നങ്ങൾക്കും കാരണം അബുല്‍ അഅ്‌ലാ മൗദൂദി എഴുതിയ ഖുറാൻ്റെ ദുർവ്യാഖ്യാനമാണെന്നും സ്ത്രീകൾ പുറത്തിറങ്ങിയാൽ പിശാച് കൂടെയുണ്ടാകും എന്നാണ് മൗദൂദി എഴുതിയതെന്നും എ.പി. അബ്ദുൽ ഹക്കിം അസ്ഹരി വിമർശിച്ചു.
"അത് ഇപ്പോൾ അംഗീകരിക്കുന്നില്ലെങ്കിൽ സ്വന്തം പ്രസ്ഥാനത്തിൻ്റെ സ്ഥാപകനെ തള്ളിപ്പറയേണ്ട ഗതികേടിലാണ് ജമാ അത്തെ ഇസ്ലാമി. അതല്ലെങ്കിൽ ഖുറാൻ്റെ അർത്ഥം മാറ്റി എന്ന് ജമാ അത്തെ ഇസ്ലാമി സമ്മതിക്കണം. ഖുറാൻ ദുർവ്യാഖ്യാനിച്ചത് എന്തടിസ്ഥാനത്തിലാണ് എന്ന് ജമാ അത്തെ ഇസ്ലാമി പറയണം," ഹക്കീം അസ്ഹരി ആവശ്യപ്പെട്ടു.
മൗദൂദിയുടെ പർദ എന്ന പുസ്തകം കോഴിക്കോട് നിന്ന് തന്നെ അച്ചടിച്ചിട്ടുണ്ട്. പുസ്തകത്തിൻ്റെ പരിഭാഷയുടെ പകർപ്പ് കോഴിക്കോട് നടക്കുന്ന മിലാദ് സമ്മേളന വേദിയിലെ പ്രസംഗത്തിനിടെ അബ്ഗുൽ ഹക്കീം അസ്ഹരി ഉയർത്തിക്കാട്ടി. പണ്ട് അച്ചടിച്ച് വിതരണം ചെയ്ത ഈ പുസ്തകം ഇപ്പോൾ തലയിണക്കടിയിൽ ഒളിച്ചുവച്ചിട്ട് കാര്യമില്ലെന്നും അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു.