അജിത് കുമാര്‍ അനുഭവിച്ച പീഡനങ്ങള്‍ കോടതിക്കു മുന്നില്‍; ശിവഗംഗ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം

അജിത് കുമാറിനെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്ലാസ്റ്റിക് പൈപ്പുകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് മര്‍ദിച്ചതിന്റെ ഫോട്ടോകളും ദൃശ്യങ്ങളുമാണ് കോടതിക്ക് ലഭിച്ചത്
Image: X
Image: X മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച്
Published on

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ പൊലീസ് മര്‍ദനത്തിനിരയായി ക്ഷേത്ര സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം സിബിസിഐഡി(ക്രൈംബ്രാഞ്ച് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം) ക്ക് വിട്ടുവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് നടപടി.

ക്ഷേത്ര സുരക്ഷാ ജീവനക്കാരന്‍ അജിത് കുമാര്‍ നേരിട്ട പീഡനത്തിന്റെ ദൃശ്യങ്ങള്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് ലഭിച്ചിരുന്നു. സ്വമേധയാ കേസ് പരിഗണിച്ച് വാദം കേട്ട ബെഞ്ചിലേക്ക് അഭിഭാഷകന്‍ ഹെന്റി ടിഫാഗ്‌നെയാണ് നരവേട്ടയുടെ ദൃശ്യങ്ങളെത്തിച്ചത്. അജിത് കുമാറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

Image: X
"പാനിക് അറ്റാക്ക് ഉണ്ടായപ്പോൾ ഇൻഹേല‍ർ തന്നു; പിന്നാലെ ക്രൂര പീഡനം", കൊൽക്കത്ത ബലാത്സംഗക്കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

അജിത് കുമാറിനെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്ലാസ്റ്റിക് പൈപ്പുകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് മര്‍ദിച്ചതിന്റെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും അഭിഭാഷകനായ ഹെന്റി കോടിയിലെത്തിച്ചത് തന്നെയും കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന ആവശ്യത്തോടെയായിരുന്നു. കക്ഷിചേരുന്ന കാര്യം പരിഗണിക്കാമെന്ന് അറിയിച്ച മധുര ഡിവിഷന്‍ ബെഞ്ച് ദൃശ്യങ്ങളെ വളരെ ഗൗരവത്തോടെയാണ് പരിഗണിച്ചത്.

രണ്ട് ദിവസം മുമ്പ് മദപുരം ഗ്രാമത്തിലെ ബത്തരകാളിയമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞെത്തിയ ഒരു സ്ത്രീ കാറിലുണ്ടായരുന്ന തന്റെ സ്വര്‍ണാഭരണങ്ങളും പണവും നഷ്ടമായി എന്ന പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വാഹനം പാര്‍ക്ക് ചെയ്യാന്‍ സഹായിച്ച ഇതേ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരന്‍ അജിത് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അജിതിനെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ ബോധം നഷ്ടപ്പെട്ടുവെന്നും തുടര്‍ന്ന് മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സഭവിച്ചു എന്നുമായിരുന്നു പൊലീസിന്റെ വാദം.

Image: X
ശിവകാശിയിൽ പടക്ക നിർമാണശാലയിൽ ഉഗ്രസ്ഫോടനം; ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

ആറ് പൊലീസുകാരടങ്ങുന്ന പ്രത്യേകസംഘം അജിത് കുമാറിനെ മര്‍ദിച്ച് കൊന്നു എന്ന് കുടുംബം ആരോപിച്ചപ്പോള്‍ അസുഖബാധിതനായി അജിത് മരിക്കുകയായിരുന്നു എന്ന് പൊലീസ് അവകാശപ്പെട്ടു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്റെയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിന്റെയും വിവരങ്ങള്‍ പുറത്തുവന്നതോടെ ക്രൂരമര്‍ദനം നടന്നതായി സ്ഥിരീകരിക്കപ്പെട്ടു.

പിന്നീട് അഞ്ച് പൊലീസുകാരെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയില്‍ ഹാജരാക്കുകയം ചെയ്യുകയായിരുന്നു. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തയച്ചിട്ടുണ്ട്. ഡിഎംകെ അധികാരമേറ്റ ശേഷം കസ്റ്റഡി മരണങ്ങളുണ്ടാകുന്നുവെന്നും ഈ വിഷയത്തില്‍ ഗൗരവമുള്ള ഒരു പ്രോട്ടോക്കോളും സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും ഗുരുതരമായ ആരോപണം ബിജെപി ഉയര്‍ത്തിയിരിക്കുകയാണ്.

ആറ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ കേസ് സിബിസിഐഡിക്ക് കൈമാറാന്‍ തമിഴ്‌നാട് പൊലീസ് മേധാവി ശിങ്കര്‍ ജിവാള്‍ ഉത്തരവിട്ടു. കസ്റ്റഡി കൊലപാതകത്തില്‍ കൃത്യമായ നിലപാടെടുത്തിട്ടുണ്ട് എന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ഡിജിപിയുടെ ഉത്തരവ്. കേസിന്റെ ചുമതല വഹിച്ച ഉദ്യോഗസ്ഥന്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ആശിഷ് റാവത്തിനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. ഇയാളെ നിര്‍ബന്ധിത അവധിയെടുപ്പിക്കുകയും ചെയ്തു.

അജിത് കുമാറിന്റെ കുടുംബത്തിനാവശ്യമായതെല്ലാം ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണമെന്ന ആവശ്യവും ശിവഗംഗ ജില്ലയില്‍ ഉയര്‍ന്നിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com