

ചെന്നൈ: മദ്യത്തിലെ ആൽക്കഹോൾ അളവ് നിശ്ചിത മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡിസ്റ്റില്ലറികളിൽ ഗുണ നിലവാര പരിശോധനയ്ക്ക് തമിഴ്നാട് സർക്കാർ . ടാസ്മാക് വഴി വിൽക്കുന്ന മദ്യത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കാണ് നിർദേശം നൽകിയിരിക്കുന്നത്. എൻറിക്ക എന്റർപ്രൈസസ് ഉല്പാദിപ്പിക്കുന്ന പതിനൊന്നു തരം മദ്യത്തിന് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനവും ഒരു ദിവസത്തിനുള്ളിൽ അതു പിൻവലിക്കാൻ ഇടയാക്കിയ സാഹചര്യവും പൊതുജനങ്ങൾക്കിടയിൽ വലിയ ആശങ്ക ഉണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി.
മദ്യ സാമ്പിളുകളിൽ പൊതു വിൽപ്പനയ്ക്ക് അനുവദനീയമായ 42.8 ശതമാനം ആൽക്കഹോൾ ഉണ്ടോ എന്നാണ് പ്രധാനമായും ഉറപ്പുവരുത്തുക. വൈനുകളിൽ 12 മുതൽ 15 ശതമാനം വരെയും ബിയറുകളിൽ 5 മുതൽ എട്ടുശതമാനം വരെയുമാണ് ആൽക്കഹോളിന്റെ അളവ് അനുവദിച്ചിരിക്കുന്നത്. ആധുനിക ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിച്ചാൽ ആൽക്കഹോളിന്റെ അളവ് മാത്രം പരിശോധിച്ചാൽ പോരെന്നും അഭിപ്രായം ഉയരുന്നുണ്ട്.
ഡിസ്റ്റിലറികളിൽ മദ്യം ഉൽപ്പാദിപ്പിച്ചു കഴിഞ്ഞ ശേഷം സാംപിളുകൾ ചെന്നൈയിലെ ഏജൻസിയിലേക്ക് അയക്കാനാണ് തീരുമാനം. പരിശോധന ഫലം വന്നശേഷമാകും ബോട്ടിലിംഗ് അടക്കമുള്ള തുടർനടപടികൾ. തമിഴിനാട് സർക്കാരിന്റെ ഏകീകൃത സ്ഥാപനമായ ടാസ്മാക് പ്രധാനമായും എഴ് കമ്പനികളിൽ നിന്നാണ് ബി വാങ്ങുന്നത്. വീര്യമുള്ള മദ്യം 11 നിർമാതാക്കളിൽ നിന്നും വാങ്ങുന്നു. ടാസ്മാക്ക് വഴി വിറ്റഴിക്കുന്ന മദ്യത്തിന് ഗുണനിലവാര പരിശോധന വേണമെന്ന് ഉപഭോക്താക്കളും ജീവനക്കാരും ഒരു പോലെ ആവശ്യം ഉന്നയിച്ചിരുന്നു.
ഓഗസ്റ്റ് 13 ന് ഫുഡ് ആൻ്റ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരമാണ് എൻറിക എന്റർപ്രൈസസ് ഉത്പാദിപ്പിച്ച 11 തരം മദ്യങ്ങളുടെ വിൽപ്പന ടാസ്ക്മാക് നിരോധിച്ചത്. പിന്നീട് വിലക്ക് പിൻവലിച്ചെങ്കിലും നടപടി പൊതുജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തിയിരുന്നു.