ബിഹാറിൽ പട്ടാപ്പകൽ വൻ ജ്വല്ലറി കവർച്ച; എട്ടംഗ സംഘം കടത്തിയത് 40 കോടിയുടെ സ്വർണം

കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
ബിഹാറിൽ പട്ടാപ്പകൽ വൻ ജ്വല്ലറി കവർച്ച; എട്ടംഗ സംഘം കടത്തിയത് 40 കോടിയുടെ സ്വർണം
Published on: 
Updated on: 

ബിഹാറിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച. വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബെട്ടിയയിലുള്ള സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമിലാണ് ആയുധധാരികളായ എട്ടംഗ സംഘം കവർച്ച നടത്തിയത്. 30 മുതൽ 40 കോടി രൂപ വരെ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കൊള്ളയടിച്ചതായാണ് പ്രാഥമിക വിവരം. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മൂന്ന് മോട്ടോർ സൈക്കിളുകളിലായാണ് എട്ടംഗ സംഘം ഷോറൂമിലെത്തിയത്. തുടർന്ന് ആയുധങ്ങളുമായി അകത്തുകയറിയ സംഘം ജീവനക്കാരെയും ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തി നിയന്ത്രണത്തിലാക്കി. ഇവരുടെ കൈകൾ കെട്ടിയിട്ട ശേഷം മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. എതിർക്കാനോ പുറത്തുള്ളവരുടെ സഹായം തേടാനോ കഴിയാത്തവിധം പിന്നീട് എല്ലാവരെയും ഒരിടത്ത് തടഞ്ഞുവെക്കുകയായിരുന്നു.

പിന്നാലെ ഷോറൂമിലെ ആഭരണങ്ങൾ മുഴുവൻ ബാഗുകളിലാക്കി സംഘം കടന്നുകളഞ്ഞു. കവർച്ചയ്ക്കിടെ രണ്ടുപേർക്ക് തലയ്ക്ക് പരിക്കേറ്റതായും വിവരമുണ്ട്. കവർച്ചയ്ക്ക് ശേഷം പുറത്തേക്ക് പോകുന്നതിനിടെ 'ഞങ്ങൾ തിരിച്ചുവരും, ഇതൊരു സിനിമയാണ്' എന്ന് അക്രമികൾ പറഞ്ഞതായും ഷോറൂമിലുണ്ടായിരുന്ന ഒരു സ്ത്രീ വെളിപ്പെടുത്തി.

ബിഹാറിൽ പട്ടാപ്പകൽ വൻ ജ്വല്ലറി കവർച്ച; എട്ടംഗ സംഘം കടത്തിയത് 40 കോടിയുടെ സ്വർണം
ബെംഗളൂരുവിൽ ആക്രിക്കട ഉടമയെ കൈകാലുകൾ കെട്ടിയിട്ട് തീകൊളുത്തി സഹപ്രവർത്തകർ; ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ

സംഭവമറിഞ്ഞ് ഡിഐജി ഹർകിഷോർ റായ്, എസ്പി കുമാർ ഗൗതം, ഡിഎസ്പി അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ജീവനക്കാരിൽ നിന്നും ദൃക്‌സാക്ഷികളിൽ നിന്നും മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പ്രതികൾ എത്തിയ വാഹനങ്ങളുടെ വിവരങ്ങൾ പരിശോധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

മോഷണം പോയ ആഭരണങ്ങളുടെ കൃത്യമായ മൂല്യം കണക്കാക്കി വരികയാണ്. 30 മുതൽ 40 കോടി രൂപ വരെയാണ് പ്രാഥമിക കണക്ക്. ബെട്ടിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജ്വല്ലറി കവർച്ചകളിലൊന്നായാണ് സംഭവത്തെ വിലയിരുത്തുന്നത്. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.